ബുറൈദ: സൗദി അറേബ്യയിലെ അൽഖസീമിൽ നീന്തൽക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഞ്ചു വയസ്സുകാരനായ റസീൻ, നാലു വയസ്സുകാരനായ തമീം എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ, നീന്തൽക്കുളങ്ങളിൽ ജലസുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അടിസ്ഥാന സംരക്ഷണ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വീണ്ടും ഓർമ്മിപ്പിച്ചു. കുട്ടികൾ മുതിർന്നവരുടെ സാന്നിധ്യമില്ലാതെ നീന്തൽക്കുളങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ പൂളുകൾക്ക് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
നീന്തൽക്കുളങ്ങളിൽ ലൈഫ് ബോയ്‌കൾ, വഴുതിവീഴാത്ത തരത്തിലുള്ള തറകൾ, സുരക്ഷിതമായ ഗോവണികൾ എന്നിവ സജ്ജീകരിക്കണം. മുതിർന്നവരുടെ നേരിട്ടുള്ള മേൽനോട്ടവും തുടർച്ചയായ നിരീക്ഷണവും ഇല്ലാത്തതാണ് പലപ്പോഴും ഇത്തരം മാരകമായ അപകടങ്ങൾക്ക് കാരണമാകുന്നത്. വിനോദവേളകളിൽ കുട്ടികളെ ഒരു കാരണവശാലും ഒറ്റയ്ക്കാക്കരുതെന്നും സിവിൽ ഡിഫൻസ് കർശന മുന്നറിയിപ്പ് നൽകി.



