മസ്‌കത്ത് – ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ താല്‍ക്കാലിക പാത തുറന്നതായി ഒമാന്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിനോടുള്ള ഒമാന്റെ ഉത്തരവാദിത്തവും ആഗോള സമ്പദ്വ്യവസ്ഥക്കുള്ള ഹോര്‍മുസ് കടലിടുക്കിന്റെ പ്രാധാന്യവും സമുദ്ര ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന അന്താരാഷ്ട്ര നിയമത്തിന്റെയും സമുദ്ര നിയമത്തിന്റെയും തത്വങ്ങളോടുള്ള ഒമാന്റെ പ്രതിബദ്ധതയും കണക്കിലെടുത്താണ് ഒമാന്‍ ഈ സംരംഭം ആരംഭിച്ചത്. താല്‍ക്കാലിക പാതയിലൂടെ യാതൊരുവിധ ടോളുകളും ഫീസുകളുമില്ലാതെ കപ്പലുകള്‍ക്ക് കടന്നുപോകാവുന്നതാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാറുകളുടെയും ചര്‍ച്ചകളുടെയും ഫലങ്ങള്‍ക്ക് അനുസൃതമായാണ് ഈ നടപടി. ഇന്റര്‍നാഷണല്‍ മാരിറ്റൈം ഓര്‍ഗനൈസേഷനും ബന്ധപ്പെട്ട ഒമാന്‍ വകുപ്പുകളും പ്രഖ്യാപിച്ച കോര്‍ഡിനേറ്റുകളെ അടിസ്ഥാനമാക്കി, ഐ.എം.ഒയുമായി ഏകോപിപ്പിച്ചാണ് താല്‍ക്കാലിക കടല്‍ ഇടനാഴി സ്ഥാപിച്ചതെന്ന് ഒമാന്‍ കൂട്ടിച്ചേര്‍ത്തു.
കടന്നു പോകുന്ന കപ്പലുകള്‍ ഐ.എം.ഒയുമായി മുന്‍കൂട്ടി ഏകോപനം നടത്തേണ്ടതുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര ഗതാഗത സുരക്ഷക്കുള്ള പിന്തുണ ഒമാന്‍ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനായി ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതവും തുറന്നതുമായ ജലപാതയായി നിലനിര്‍ത്താനുള്ള പ്രതിജ്ഞാബദ്ധത ഇന്നലെ ഒമാനും ഇറാനും സംയുക്ത പ്രസ്താവനയില്‍ ആവര്‍ത്തിച്ചു. സമുദ്ര സുരക്ഷ, ഗതാഗത സ്വാതന്ത്ര്യം, പ്രാദേശിക സ്ഥിരത എന്നിവ വര്‍ധിപ്പിക്കുന്നതിന് തുടര്‍ച്ചയായ സഹകരണത്തിന്റെ പ്രാധാന്യം ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു. യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ വളരെ കുറവാണെങ്കിലും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം ക്രമാനുഗതമായി വര്‍ധിച്ചിട്ടുണ്ട്. ഈ സുപ്രധാന ജലപാതയിലൂടെ കപ്പലുകള്‍ കടന്നുപോകന്നുപോകുന്നതുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളുമായുള്ള തെറ്റിദ്ധാരണകള്‍ തടയാനും പരിഹരിക്കാനും ലക്ഷ്യമിട്ട് ഹോട്ട്ലൈന്‍ സ്ഥാപിക്കാന്‍ ഇറാനും അമേരിക്കയും തമ്മിലുള്ള കരാറിനെ തുടര്‍ന്നാണ് കപ്പല്‍ ഗതാഗതത്തില്‍ വര്‍ധനവ് ഉണ്ടായത്.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അന്തിമ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഇറാനും അമേരിക്കയും തമ്മിലുള്ള പ്രാഥമിക കരാര്‍ നടപ്പാക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചും അമേരിക്ക, ഇറാന്‍, പാകിസ്ഥാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉന്നതതല സംഘങ്ങള്‍ വാരാന്ത്യത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ യോഗം ചേര്‍ന്നു. ചര്‍ച്ചാ സംഘങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് മടങ്ങിയെങ്കിലും സാങ്കേതിക ചര്‍ച്ചകള്‍ തുടരുമെന്നാണ് പ്രതീക്ഷ.



