ഒമാൻ– ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്. കുറഞ്ഞ ജീവിതച്ചെലവും വാടക വിലയും മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ചെലവുകുറഞ്ഞ ജീവിത സാഹചര്യം പടുത്തുയർത്താൻ ഒമാനെ സഹായിക്കുന്നു.
യുഎഇയുമായി താരതമ്യം ചെയ്യുമ്പോൾ, ഒമാനിലെ ജീവിതച്ചെലവ് 26.5 ശതമാനം കുറവാണ്. വാടകയിൽ ശരാശരി 71.7 ശതമാനവും കുറവുണ്ട്. ജീവിത നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സാമ്പത്തിക ആശ്വാസം തേടുന്നവർക്ക് ഒമാൻ ഒരു ആകർഷകമായ സ്ഥലമാണ്. ഒമാൻ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവ് ഉള്ള സ്ഥലം ബഹ്‌റൈനിലെ മനാമയാണ്. പിന്നീട് ഖുവൈറ്റും ഖത്തറും സൗദി അറേബിയയും സ്ഥാനം പിടിക്കുന്നു.
എന്നാൽ, ജിസിസിയിലെ ഏറ്റവും ചെലവേറിയ രാജ്യമായി തുടരുന്നത് യുഎഇ ആണ്. ദുബായിൽ ഒരു കുടുംബത്തിന് പ്രതിമാസം 14,765 ദിർഹവും അവിവാഹിതർക്ക് പ്രതിമാസം 4,242.5 ദിർഹവും ആണ് ഏകദേശ ചെലവ് വരിക. അതേസമയം, അബുദാബിയിലെ ജീവിതച്ചെലവ് അൽപ്പം കുറവാണ്. ദുബായിയെ അപേക്ഷിച്ച് അബുദാബിയിലെ വാടക ഏകദേശം 34.3% കുറവാണ്. പക്ഷേ മറ്റ് ജിസിസി തലസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും വളരെ കൂടുതലാണ്.