മസ്‌കത്ത്: ഒമാന്റെ സാഹസിക ചരിത്രത്തിലെ ധീര നക്ഷത്രവും എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി വനിതയുമായ നാദിറ അൽ ഹാർത്തി പാകിസ്ഥാനിലുണ്ടായ ഹിമപാതത്തിൽ അന്തരിച്ചു. വടക്കൻ പാകിസ്ഥാനിലെ ബ്രോഡ് പീക്ക് പർവതത്തിലുണ്ടായ അപകടത്തിലാണ് ഇവർ മരണപ്പെട്ടത്. നാദിറയ്ക്കൊപ്പം പർവതാരോഹണം നടത്തുകയായിരുന്ന നേപ്പാളി പർവതാരോഹകൻ പുർ ബഹാദൂർ ഗുരുങ്ങും (യുക്ത) ദുരന്തത്തിൽ ജീവൻ വെടിഞ്ഞതായി ആൽപൈൻ ക്ലബ് ഓഫ് പാകിസ്ഥാനെ ഉദ്ധരിച്ച് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 8,047 മീറ്റർ ഉയരത്തിലുള്ള ബ്രോഡ് പീക്ക് ലോകത്തിലെ 12-ാമത്തെ വലിയ പർവതമാണ്.
വ്യാഴാഴ്ചയുണ്ടായ ദുരന്തത്തെ തുടർന്ന്, പ്രശസ്ത പർവതാരോഹകൻ നിർമ്മൽ പുർജ ഉൾപ്പെടെ കാണാതായ 10 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും ഊർജ്ജിതമായി തുടരുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസ മന്ത്രാലയത്തിൽ പൗരത്വ വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന നാദിറ, ഭൂമിശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 2015-ൽ ടാൻസാനിയയിലെ കിളിമഞ്ചാരോയിൽ നടന്ന പരിപാടിയിലൂടെയാണ് അവർ പർവതാരോഹണത്തിലേക്ക് ചുവടുവെക്കുന്നത്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാനി പൗരൻ പരേതനായ ഖാലിദ് അൽ സിയാബിയുമായുള്ള കൂടിക്കാഴ്ചയാണ് ഈ രംഗത്തേക്ക് ഗൗരവത്തോടെ തിരിയാൻ നാദിറയ്ക്ക് പ്രചോദനമായത്.
കഠിനമായ പരിശീലനങ്ങൾക്കൊടുവിൽ 2019-ലാണ് എവറസ്റ്റിന്റെ നെറുകയിൽ ഒമാന്റെ പതാക പാറിച്ച ആദ്യ വനിതയെന്ന ചരിത്രനേട്ടം അവർ സ്വന്തമാക്കിയത്. തുടർന്ന് ലോകത്തിലെ ഏറ്റവും അപകടകരമായ കെ2 പർവതവും അവർ കീഴടക്കി. മനസ്ലു, നംഗ പർബത്ത്, അമ ദബ്ലം തുടങ്ങിയ പ്രമുഖ കൊടുമുടികളിലും അവർ വിജയം വരിച്ചു.
സ്വന്തം നേട്ടങ്ങളെല്ലാം ഒമാന്റെ വിജയമാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന നാദിറ, അറബ് ലോകത്തെ ആയിരക്കണക്കിന് വനിതകൾക്കാണ് സാഹസിക മേഖലയിലേക്ക് ഇറങ്ങിച്ചെല്ലാൻ ധൈര്യം പകർന്നത്. പർവതാരോഹണ മേഖലയ്ക്കും സമൂഹത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച് 2024-ൽ ദി അറേബ്യൻ സ്റ്റോറീസ് ‘ചേഞ്ച്‌മേക്കർ’ അവാർഡ് നൽകി അവരെ ആദരിച്ചിരുന്നു.
നാദിറ അൽ ഹാർത്തിയുടെ അകാല വിയോഗത്തിൽ ഒമാനിലും അന്താരാഷ്ട്ര പർവതാരോഹണ സമൂഹത്തിലും വലിയ ദുഃഖമാണ് നിഴലിക്കുന്നത്. ആഗോള തലത്തിലെ പ്രമുഖരും പർവതാരോഹകരും അനുശോചനം അറിയിച്ചു.





