ദമാസ്‌കസ്- മധ്യ സിറിയയിലെ ഹോംസ് പ്രവിശ്യയിൽ സാധാരണക്കാർ സഞ്ചരിച്ചിരുന്ന ബസിനു നേരെയുണ്ടായ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഹോംസ് പ്രവിശ്യയിലെ സ്വകാര്യ വൈദ്യുതി കമ്പനിയിലെ എൻജിനീയർമാരും തൊഴിലാളികളുമടങ്ങുന്ന സംഘത്തെ കൊണ്ടുപോകുകയായിരുന്ന ബസാണ് ആക്രമിക്കപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയുന്നതിനായി സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസിനു നേരെയുണ്ടായ ആക്രമണത്തിന് തൊട്ടുമുമ്പ്, ദമാസ്‌കസിനു സമീപത്തെ പ്രധാന വൈദ്യുതി നിലയങ്ങളിലൊന്നിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഗ്യാസ് പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കിഴക്കൻ സിറിയയിലെ മറ്റൊരു പൈപ്പ്‌ലൈനിനു നേരെയും രണ്ടു ദിവസം മുമ്പ് ആക്രമണമുണ്ടായിരുന്നു.
2024 അവസാനത്തിൽ ബശാർ അൽഅസദ് ഭരണകൂടത്തെ അട്ടിമറിച്ചതിനുശേഷം പുതിയ സിറിയൻ അധികാരികൾ വലിയ സുരക്ഷാ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രാജ്യത്ത് സമാനമായ നിരവധി സുരക്ഷാ പ്രശ്‌നങ്ങളാണ് സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്:
ഓഗസ്റ്റ് 22ന് ദമാസ്‌കസിനടുത്ത് ആഭ്യന്തര സുരക്ഷാ സേനയുടെ ബസിലുണ്ടായ സ്ഫോടനത്തിൽ ഏതാനും അംഗങ്ങൾക്ക് പരിക്കേറ്റിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







