ദുബായ്- അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയുടെ വൻ ഗൂഢാലോചന തകർത്ത് ദുബായ് പോലീസ്. 11,51,91,233 ദിർഹം (ഏകദേശം 260 കോടിയോളം ഇന്ത്യൻ രൂപ) വിപണി മൂല്യം വരുന്ന 2,323 കിലോഗ്രാം ലഹരിമരുന്നുകളുമായി ഏഷ്യക്കാരായ 14 പേരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആന്റി-നാർക്കോട്ടിക്സ് അറസ്റ്റ് ചെയ്തു.
സാനക്സ്, ട്രമഡോൾ, ലിറിക്ക എന്നീ ലഹരി ഗുളികകൾക്ക് പുറമെ അൽക്കോൺ മിഡ്രിയാസിൽ ഐ ഡ്രോപ്പുകൾ, ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ലഹരിവസ്തുക്കൾ പുരട്ടിയ പേപ്പർ എന്നിവയാണ് പിടിച്ചെടുത്തത്. 113 കാർട്ടണുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. രാജ്യത്തുടനീളം വിതരണം ചെയ്യാനായിരുന്നു സംഘത്തിന്റെ പദ്ധതി.
യു.എ.ഇക്കുള്ളിൽ വൻതോതിൽ ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യാൻ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായ് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി പ്രതികൾക്ക് വ്യക്തമായ ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. കൃത്യമായ സുരക്ഷാ പദ്ധതി തയ്യാറാക്കി ഒരേസമയം നടത്തിയ സംയുക്ത റെയ്ഡിലാണ് മുഴുവൻ പ്രതികളെയും പോലീസിന് പിടികൂടാനായത്.
പിടിച്ചെടുത്ത ലഹരിവസ്തുക്കളും പ്രതികളെയും തുടർ നിയമനടപടികൾക്കായി ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







