കുവൈത്ത് സിറ്റി – വിഭാഗീയ സംഘര്‍ഷം വിതച്ചതിനും ഇറാനോട് അനുഭാവം പുലര്‍ത്തിയതിനും ദേശീയ സുരക്ഷാ, ഭീകര വിരുദ്ധ ക്രിമിനല്‍ കോടതി നാല് പേരെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. മറ്റ് 50 പേര്‍ക്ക് തടവ് ശിക്ഷ പുറപ്പെടുവിക്കുന്നതില്‍ നിന്ന് കോടതി വിട്ടുനിന്നു. ഇവര്‍ക്ക് 1,000 മുതല്‍ 3,000 വരെ കുവൈത്തി ദീനാര്‍ പിഴ ചുമത്തി നല്ല പെരുമാറ്റം നിലനിര്‍ത്താന്‍ ഉത്തരവിട്ടു. എട്ടു പേരെ കോടതി കുറ്റവിമുക്തരാക്കി. ശത്രുതാപരമായ ഒരു രാഷ്ട്രത്തോട് (ഇറാന്‍) അനുഭാവം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ എഴുതല്‍, വിഭാഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കല്‍, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
നിയമവിരുദ്ധമായ ഭീകര സംഘടനയോട് പ്രത്യക്ഷമായോ പരോക്ഷമായോ സഹതാപം കാണിക്കുന്നതും അതിന്റെ നേതാക്കളെ മഹത്വവല്‍ക്കരിക്കുന്നതും അതിന്റെ വിനാശകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തിന്റെ സുരക്ഷയുടെ അടിത്തറയെ തകര്‍ക്കുന്നതാണ് എന്ന് കോടതി വിധിന്യായങ്ങളില്‍ പറഞ്ഞു. രാജ്യം നേരിടുന്ന സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അത്തരമൊരു പെരുമാറ്റം ഒരു ക്ഷണിക പ്രകടനമല്ല, മറിച്ച് ജനങ്ങളുടെ ഐക്യദാര്‍ഢ്യവും ഐക്യവും ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമായിരിക്കുന്ന സന്ദര്‍ഭത്തില്‍ ദേശീയ കടമയുടെ ലംഘനമാണെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.
വിധികള്‍ ഇനി അന്തിമ വിധിക്കായി ദേശീയ സുരക്ഷാ അപ്പീല്‍ കോടതിയിലേക്ക് വിടും. കഴിഞ്ഞയാഴ്ച, ഇത്തരം കേസുകളിലെ ആദ്യ വിധികളില്‍ ഇതേ കോടതി 17 പേര്‍ക്ക് മൂന്ന് വര്‍ഷം തടവും 109 പേര്‍ക്ക് 1,000 കുവൈത്തി ദീനാര്‍ മുതല്‍ 3,000 കുവൈത്തി ദീനാര്‍ വരെ പിഴയും വിധിച്ചു. ഒമ്പത് പേരെ കുറ്റവിമുക്തരാക്കി. ഇത്തരം കുറ്റങ്ങളുടെ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക ദേശീയ സുരക്ഷാ, ഭീകരവിരുദ്ധ കോടതികള്‍ സ്ഥാപിക്കുന്ന നിയമം മാര്‍ച്ച് അവസാനം കുവൈത്ത് പുറപ്പെടുവിച്ചു.



