കുവൈത്ത് സിറ്റി- കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ പാർലമെന്റ് അംഗം വലീദ് അൽ തബ്തബാഇയെ സൗദി അധികൃതർ പിടികൂടി കുവൈത്തിന് കൈമാറി. നാല് വർഷം തടവിന് കോടതി ശിക്ഷിച്ച ഇയാൾ സൗദിയിലേക്ക് കടക്കുകയായിരുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് വലീദ് തബ്തബാഇയെ വിട്ടുകിട്ടിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. തന്റെ ബാക്കി ശിക്ഷാ കാലാവധി ഇനി കുവൈത്തിലെ ജയിലിലാകും അദ്ദേഹം പൂർത്തിയാക്കുക.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് ഈ നടപടിയുണ്ടായത്. സൗദി-കുവൈത്ത് അതിർത്തിയിലെ അൽ സാൽമി പോസ്റ്റിൽ വെച്ചാണ് സൗദി സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കുവൈത്ത് അധികൃതർക്ക് കൈമാറിയത്. കുവൈത്തിന്റെ അഭ്യർത്ഥനയോട് വേഗത്തിൽ പ്രതികരിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന് കുവൈത്ത് മന്ത്രാലയം പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ പങ്കാളിത്തത്തിന്റെ ആഴമാണ് ഈ നീക്കം വ്യക്തമാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കോടതി ശിക്ഷിച്ച പ്രതി എങ്ങനെ രാജ്യം വിട്ടു എന്നതിനെക്കുറിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഗൗരവമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. തബ്തബാഇയെ രാജ്യം വിടാൻ സഹായിച്ചവർ ആരെല്ലാമാണെന്ന് കണ്ടെത്തുമെന്നും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.



