കുവൈത്ത് സിറ്റി- മുബാറക് ആശുപത്രിയുടെ പ്രവേശന കവാടത്തിന് സമീപം നവജാതശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ രണ്ട് യുവതികളെയും രണ്ട് യുവാക്കളെയും കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 24 മണിക്കൂറിനകമാണ് പ്രതികൾ പിടിയിലായത്.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലെ ജാബിരിയ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ മാതാവായ 28-കാരിയായ സൗദി യുവതിയാണ് അറസ്റ്റിലായവരിൽ ഒരാൾ. അവിഹിതബന്ധത്തിലൂടെയാണ് യുവതി ഗർഭം ധരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കുഞ്ഞിനെ ഉപേക്ഷിക്കാൻ സൗദി യുവതിയെ സഹായിച്ച മൂന്ന് പേരെയും പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയെ പ്രസവത്തിന് സഹായിച്ച 29-കാരിയായ കുവൈത്തി യുവതിയും 32, 35 വയസ്സുള്ള രണ്ട് ഒമാനി യുവാക്കളുമാണ് പിടിയിലായ മറ്റുള്ളവർ. ചോദ്യം ചെയ്യലിൽ നാല് പ്രതികളും കുറ്റം സമ്മതിച്ചതായും തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും കുവൈത്ത് പോലീസ് അറിയിച്ചു.



