കുവൈത്ത് സിറ്റി – രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കാലാവധി കഴിഞ്ഞതോ കാലഹരണപ്പെടാന്‍ പോകുന്നതോ ആയ എല്ലാത്തരം സന്ദര്‍ശന വിസകളുടെയും കാലാവധി 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെസിഡന്‍സി അഫയേഴ്സ് വകുപ്പുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തന്നെ, വിസ ദീര്‍ഘിപ്പിക്കല്‍ പ്രക്രിയ ഓട്ടോമേറ്റഡ് സിസ്റ്റം വഴി സ്വയമേവ പ്രോസസ്സ് ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അസാധാരണ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ഈ കാലയളവില്‍ വിസ ദീര്‍ഘിപ്പിക്കാന്‍ ബാധകമായ എല്ലാ ഫീസുകളും പിഴകളും ഒഴിവാക്കും.
അനുവദനീയമായ അസാന്നിധ്യ (റീ-എന്‍ട്രി) കാലയളവ് കഴിഞ്ഞവരും കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാത്തവരുമായ, നിലവില്‍ രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക്, യാതൊരു നടപടിയും ആവശ്യമില്ലാതെ, ഓട്ടോമേറ്റഡ് സിസ്റ്റം വഴി മൂന്ന് മാസത്തെ അവധി സ്വയമേവ അനുവദിക്കുമെന്നും ബാധകമായ ഫീസുകളില്‍ നിന്ന് അവരെ ഒഴിവാക്കുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ സംഭവവികാസങ്ങളെ ആശ്രയിച്ച് ഈ ദീര്‍ഘിപ്പിക്കലുകള്‍ കൂടുതല്‍ നീട്ടുമെന്നും ഏതെങ്കിലും അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക ചാനലുകള്‍ പിന്തുടരണമെന്നും മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു.



