കുവൈത്ത് സിറ്റി – വിഭാഗീയ കലാപത്തിന് പ്രേരിപ്പിക്കുകയും ദേശീയ സുരക്ഷയെ അപകടപ്പെടുത്തുകയും ചെയ്ത കേസില്‍ കുവൈത്ത് സ്റ്റേറ്റ് സെക്യൂരിറ്റി ക്രിമിനല്‍ കോടതി 17 പ്രതികളെ മൂന്ന് വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. സമാന ആരോപണം നേരിട്ട 109 പ്രതികളെ ശിക്ഷിക്കുന്നതില്‍ നിന്ന് കോടതി വിട്ടുനിന്നു. നല്ല പെരുമാറ്റത്തിനും ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്യാനും കോടതി ഇവരെ നിര്‍ബന്ധിച്ചു. വിഭാഗീയ സംഘര്‍ഷത്തിന് പ്രേരിപ്പിക്കല്‍, ഇറാനോട് അനുഭാവം പുലര്‍ത്തല്‍, സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ ആരോപണങ്ങളില്‍ നിന്ന് മറ്റ് ഒമ്പത് പേരെ കുറ്റവിമുക്തരാക്കി. രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു പ്രതിക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ജഡ്ജി നാസര്‍ അല്‍ബദറിന്റെ അധ്യക്ഷതയില്‍ ജഡ്ജിമാരായ ഉമര്‍ അല്‍മുലൈഫി, അബ്ദുല്ല അല്‍ഫാലിഹ്, സാലിം അല്‍സായിദ് എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. ശക്തമായ സുരക്ഷാ നടപടികള്‍ക്കിടെ പ്രതികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ തുറന്ന സെഷനിലാണ് കോടതി വിധി പ്രസ്താവിച്ചത്. വിഭാഗീയ കലാപത്തിന് പ്രേരിപ്പിക്കല്‍, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.



