കുവൈത്ത് സിറ്റി– നറുക്കെടുപ്പുകളില്‍ കൃത്രിമം കാണിച്ച കേസില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 47 പ്രതികളെ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. പ്രതികളില്‍ 19 പേര്‍ക്ക് പത്തു വര്‍ഷം വീതം കഠിനതടവാണ് കോടതി വിധിച്ചത്. ഇവര്‍ക്ക് ആകെ 30,52,000 കുവൈത്തി ദീനാര്‍ പിഴയും വിധിച്ചു. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍, സര്‍ക്കാര്‍ ജോലി ദുരുപയോഗം ചെയ്യല്‍ എന്നീ ആരോപണങ്ങളില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.മറ്റ് 28 പ്രതികള്‍ക്ക് നാല് വര്‍ഷം വീതം കഠിനതടവാണ് കോടതി വിധിച്ചത്. 14 പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷ അനുഭവിച്ച ശേഷം പ്രവാസി പ്രതികളെ നാടുകടത്താനും കള്ളപ്പണം വെളുപ്പിക്കലില്‍ ഉള്‍പ്പെട്ട പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
നിയമവിരുദ്ധമായ വ്യക്തിഗത നേട്ടത്തിനായി സര്‍ക്കാര്‍ ജോലി ചൂഷണം ചെയ്യുന്നത് നീതിയുടെയും തുല്യ അവസരത്തിന്റെയും തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും വാണിജ്യ നറുക്കെടുപ്പുകളിലും അവയെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളിലുമുള്ള പൊതുജന വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുന്നതുമായ അധാര്‍മ്മിക പെരുമാറ്റമാണെന്ന് സൂചിപ്പിച്ച് കുറ്റകൃത്യങ്ങളുടെ ഗൗരവം കോടതി അതിന്റെ വിധിന്യായത്തില്‍ വ്യക്തമാക്കി. കേസ് വ്യക്തിഗത പിഴവല്ലെന്നും, മറിച്ച് 63 പ്രതികള്‍ ഉള്‍പ്പെട്ട സംഘടിത കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികള്‍ ദുര്‍ബലമായ മേല്‍നോട്ടം മുതലെടുത്ത് വാണിജ്യ നറുക്കെടുപ്പുകളുടെ ഫലങ്ങളില്‍ കൃത്രിമം കാണിക്കുകയും നടപടിക്രമങ്ങളുടെ ന്യായയുക്തതക്ക് കോട്ടം തട്ടിക്കുകയും നിയമവിരുദ്ധമായ സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കുകയും തുടര്‍ന്ന് അനധികൃത സമ്പാദ്യം പരസ്പരം പങ്കിടുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ലക്ഷ്വറി കാറിനു വേണ്ടിയുള്ള നറുക്കെടുപ്പിനിടെ മുഖ്യപ്രതിയായ, വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ സൗജന്യ ഓഫര്‍ വിഭാഗം മേധാവിയായ ഉദ്യോഗസ്ഥന്‍ തന്റെ കൈയില്‍ ഒളിപ്പിച്ച കൂപ്പണ്‍ പുറത്തെടുത്ത് വിജയിയെ പ്രഖ്യാപിച്ചത് വീഡിയോ ദൃശ്യങ്ങളില്‍ പുറത്തായതാണ് തട്ടിപ്പ് കണ്ടെത്തുന്നതിലേക്ക് നയിച്ചത്. വിവാദമായ നറുക്കെടുപ്പില്‍ ലക്ഷ്വറി കാര്‍ സമ്മാനം ലഭിച്ച ഈജിപ്തുകാരിക്കും അവരുടെ ഭര്‍ത്താവിനും പലതവണ ആവര്‍ത്തിച്ച് കാറുകളും വിലയേറിയ സമ്മാനങ്ങളും നറുക്കെടുപ്പുകളില്‍ ലഭിച്ചത് പൊതുസമൂഹത്തിന്റെ സംശയം ബലപ്പെടുത്തി. ഇത് വിവാദമായതിനെ തുടര്‍ന്ന് ഉന്നതാധികൃതര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കൈക്കൂലിയും സാമ്പത്തിക ആനുകൂല്യങ്ങളും കൈപ്പറ്റി വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ജീവനക്കാരും വാണിജ്യ സ്ഥാപനങ്ങളുമായി ഇടപെടുന്ന വ്യക്തികളും ഉള്‍പ്പെട്ട ശൃംഖല നറുക്കെടുപ്പുകളില്‍ സ്ഥിരമായി കൃത്രിമം കാണിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.



