ജിദ്ദ- സൗദി അറേബ്യയിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കായി തൊഴിലിടങ്ങളിൽ തന്നെ കിന്റർഗാർട്ടനുകൾ (കെ.ജി) ആരംഭിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ഈ സൗകര്യം ഒരുക്കുക. ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ജീവിതം എളുപ്പമാക്കാനും തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സുപ്രധാന തീരുമാനം. ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ മക്കൾക്ക് മാത്രമായിരിക്കും അതത് ഇടങ്ങളിലെ കിന്റർഗാർട്ടനുകളിൽ പ്രവേശനം അനുവദിക്കുക.
ജീവനക്കാരുടെ ജോലി സമയത്തിന് അനുസൃതമായി തന്നെ കിന്റർഗാർട്ടനുകളുടെ പ്രവൃത്തി സമയവും ക്രമീകരിക്കും. ഇതിനായി വിദ്യാഭ്യാസ മന്ത്രാലയവും മാനവശേഷി മന്ത്രാലയവും സംയുക്തമായി പ്രവർത്തിക്കും. ഇത് കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്കുള്ള ആശങ്ക ഒഴിവാക്കാനും ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. വെറും പഠനസൗകര്യം മാത്രമല്ല, കുട്ടികൾക്കായി ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയർ മോഡിഫിക്കേഷൻ, സ്പീച്ച് ആന്റ് ഹിയറിംഗ് തെറാപ്പി തുടങ്ങിയ പ്രത്യേക സേവനങ്ങളും ഇവിടെ ലഭ്യമാക്കാൻ തീരുമാനമുണ്ട്.
നിലവിലുള്ള കിന്റർഗാർട്ടനുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ഉയർന്ന പ്രവർത്തന ബജറ്റ്, കൃത്യമായ അറ്റകുറ്റപ്പണികൾ, അതിവേഗ ഇന്റർനെറ്റ്, വിദഗ്ധരായ അധ്യാപകർ എന്നിവ ഉറപ്പാക്കാൻ മന്ത്രിസഭ നിർദ്ദേശിച്ചു. മികച്ച നിലവാരത്തിലുള്ള കെട്ടിടങ്ങളായിരിക്കണം ഇതിനായി നിർമ്മിക്കേണ്ടത്. പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ ബജറ്റിൽ അധിക ഭാരം നൽകാതെ, അതത് വകുപ്പുകൾക്ക് അനുവദിച്ച തുകയിൽ നിന്ന് തന്നെ പണം കണ്ടെത്താനാണ് തീരുമാനം. വിഷൻ 2030-ന്റെ ഭാഗമായി ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും കുടുംബസൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും ഈ നീക്കം വലിയ സഹായമാകും.



