ജിദ്ദ – ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്ന് സൗദിയിലെ ഇറാൻ അംബാസഡർ അലി റിസ ഇനായത്തി പറഞ്ഞു. അയൽരാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങൾ ആക്രമിച്ച ശേഷം അതിന്റെ കുറ്റം ഇറാന്റെ മേൽ കെട്ടിവെക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇറാന്റെ ‘ശാഹിദ്’ ഡ്രോണുകൾക്ക് പകരം ശത്രുക്കൾ ‘ലൂക്കാസ്’ ഡ്രോണുകൾ ഉപയോഗിക്കുന്നതായി വ്യക്തമാക്കുന്ന സൈനിക അറിയിപ്പും അദ്ദേഹം പങ്കുവെച്ചു. തങ്ങളുടെ മണ്ണിലെ ആക്രമണങ്ങൾക്ക് പ്രതികാരമായി മേഖലയിലെ യു.എസ്, ഇസ്രായേൽ ലക്ഷ്യങ്ങളെ മാത്രമാണ് ഇറാൻ ആക്രമിക്കുന്നതെന്നും, അത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി അവസാനം സംഘർഷം തുടങ്ങിയ ശേഷം ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് മേഖലയിൽ വിക്ഷേപിക്കപ്പെട്ടത്. ഇവ പ്രധാനമായും യു.എസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെങ്കിലും, ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണക്കമ്പനികൾ, ജനവാസ മേഖലകൾ എന്നിവയെയും ഈ ആക്രമണങ്ങൾ ബാധിക്കുന്നുണ്ട്. ഇസ്രായേലാണ് ഇതിന് പിന്നിലെങ്കിൽ എന്തുകൊണ്ടാണ് ഇറാൻ ഇത് നേരത്തെ പറയാതിരുന്നത് എന്ന ചോദ്യവുമായി നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. ഇറാന്റെ സൈനിക നേതൃത്വത്തിന്റെ മുൻ പ്രസ്താവനകളും അംബാസഡറുടെ വാക്കുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും വിമർശനമുയർന്നു.
ഗൾഫ് രാജ്യങ്ങൾക്കും ജോർദാനുമെതിരായ ഇറാൻ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം യു.എൻ രക്ഷാസമിതി പാസാക്കി. ഗൾഫ് സഹകരണ കൗൺസിലിന്റെ (GCC) നേതൃത്വത്തിൽ കൊണ്ടുവന്ന ഈ പ്രമേയത്തെ 13 അംഗരാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ, സൗദിയിലെ റാസ് തന്നൂറ, ശൈബ എന്നിവിടങ്ങളിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ അംബാസഡർ ആവർത്തിച്ചു. പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടൽ കുറച്ചുകൊണ്ട് മേഖലയിൽ സമാധാനം കൊണ്ടുവരാൻ ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധം പുതുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുദ്ധം ഇറാന്റെയും മേഖലയുടെയും മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് അംബാസഡർ പറഞ്ഞു. ഇറാനെ ആക്രമിക്കാൻ സൗദി അറേബ്യയുടെ മണ്ണോ വ്യോമാതിർത്തിയോ വിട്ടുനൽകില്ലെന്ന നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. തീർത്ഥാടകരുടെ മടക്കം, ചികിത്സാ സഹായം തുടങ്ങിയ കാര്യങ്ങളിൽ സൗദി നൽകുന്ന സഹകരണം വലുതാണ്. ഇറാഖും ഇറാനും ജി.സി.സി രാജ്യങ്ങളും തമ്മിൽ കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കണമെന്നും, യു.എസും ഇസ്രായേലും ആക്രമണങ്ങൾ നിർത്തിയാൽ മാത്രമേ മേഖലയിൽ അഭിവൃദ്ധി ഉണ്ടാവുകയുള്ളൂ എന്നും അലി റിസ ഇനായത്തി കൂട്ടിച്ചേർത്തു.



