തെഹ്റാൻ: ഇറാനെതിരായ നാവിക ഉപരോധം നീക്കിയില്ലെങ്കിൽ ബാബ് അൽമന്ദബ് കടലിടുക്ക്, ചെങ്കടൽ, മെഡിറ്ററേനിയൻ കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ യു.എസ് സേനയ്ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ്. ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ സൈനിക ഉപദേഷ്ടാവ് മുഹ്സിൻ റെസായിയാണ് യു.എസിനെതിരെ കടുത്ത ഭീഷണി മുഴക്കിയത്.
നാവിക ഉപരോധം പിൻവലിച്ചില്ലെങ്കിൽ നിലവിലെ സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുമെന്നും തന്ത്രപ്രധാനമായ കടൽ മേഖലകളിലേക്ക് സൈനിക നടപടികൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിലൂടെ യുദ്ധത്തിന് പുതിയൊരു മാനം നൽകാനാണ് ഇറാന്റെ നീക്കം. ഇത് ഏറ്റുമുട്ടലുകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നും യു.എസിന് കനത്ത നാശനഷ്ടങ്ങൾ നേരിടേണ്ടിവരുമെന്നും റെസായി ഓർമ്മിപ്പിച്ചു.
’24 ബില്യൺ ഡോളർ പരസ്പര വിശ്വാസത്തിന്റെ പരീക്ഷണം’
വിദേശ ബാങ്കുകളിൽ മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ഇറാന്റെ 24 ബില്യൺ ഡോളർ (ഏകദേശം രണ്ട് ലക്ഷം കോടിയിലധികം രൂപ) എത്രയും വേഗം വിട്ടുനൽകാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് മുഹ്സിൻ റെസായി ആവശ്യപ്പെട്ടു.
“ഇറാനുമായി ഒരു കരാറിലെത്താൻ അമേരിക്കയ്ക്ക് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ, ഈ ഫണ്ട് വിട്ടുനൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പരീക്ഷണമായിരിക്കും. ട്രംപ് ചർച്ചകളെ ഗൗരവത്തോടെയാണ് കാണുന്നതെങ്കിൽ അമേരിക്കയെ സംബന്ധിച്ച് ഈ തുക വലുതല്ല. ഈ പരീക്ഷണം വിജയിച്ചാൽ പ്രശ്നപരിഹാരത്തിനുള്ള വഴി തുറക്കും. ഇത് അമേരിക്കയുടെ പണമല്ല, ഇറാന്റെ സ്വന്തം പണമാണ്.” – മുഹ്സിൻ റെസായി
വിവിധ രാജ്യങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന ബില്യൺ കണക്കിന് ഡോളറിന്റെ എണ്ണ വരുമാനവും സാമ്പത്തിക ആസ്തികളും വിട്ടുനൽകണമെന്ന് ഇറാൻ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, ഉപരോധങ്ങൾ ലഘൂകരിക്കുന്നതും ഫണ്ട് നൽകുന്നതും ഇറാന്റെ ആണവ-ആയുധ നയങ്ങളിലെ പ്രതിബദ്ധതയുമായി ബന്ധിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. ഇത് ഇരുപക്ഷവും തമ്മിലുള്ള പ്രധാന തർക്കവിഷയമായി തുടരുന്നു.
ഉപരോധം കടുപ്പിച്ച് യു.എസ്; പ്രതികരിക്കാതെ വൈറ്റ് ഹൗസ്
ഇറാനെതിരെയുള്ള സാമ്പത്തിക സമ്മർദ്ദം അമേരിക്ക ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ പുതിയ നീക്കം. ഇറാന്റെ ഊർജ വ്യാപാര, സാമ്പത്തിക മേഖലകളെ ലക്ഷ്യമിട്ട് യു.എസ് ട്രഷറി വകുപ്പ് കഴിഞ്ഞ വെള്ളിയാഴ്ചയും പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം, റെസായിയുടെ ഭീഷണിയോടോ മരവിപ്പിച്ച ആസ്തികൾ സംബന്ധിച്ച പ്രസ്താവനയോടോ വൈറ്റ് ഹൗസോ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



