അബുദാബി- ഇന്ത്യക്കാരൻ തലവനായ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ യു.എ.ഇ സുരക്ഷാ സേന പിടികൂടി. ദുബൈ പോലീസ്, ഷാർജ പോലീസ്, ബഹ്‌റൈൻ സുരക്ഷാ വകുപ്പുകൾ എന്നിവയുമായി സഹകരിച്ച് ദേശീയ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി നടത്തിയ ഒരു മാസം നീണ്ട സംയുക്ത പരിശോധനയിലാണ് ഈ വൻ ശൃംഖല തകർത്തത്. ഇന്ത്യക്കാരൻ നയിച്ചിരുന്ന ഈ സംഘത്തിൽ പാകിസ്ഥാൻ, ശ്രീലങ്ക, ഈജിപ്ത്, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും ഉൾപ്പെട്ടിരുന്നു. സംഘത്തിലെ 13 പേരെ യു.എ.ഇയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദേശത്തായിരുന്ന സംഘത്തലവനായ ഇന്ത്യക്കാരനെ ബഹ്‌റൈൻ അധികൃതരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി യു.എ.ഇയിൽ എത്തിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
പിടിയിലായവരിൽ ആറ് ഇന്ത്യക്കാരും മൂന്ന് ഇറാനികളും രണ്ട് പാകിസ്ഥാനികളും ഒരു ഈജിപ്തുകാരനും ഒരു ശ്രീലങ്കക്കാരനുമാണ് ഉള്ളത്. ദീർഘകാലത്തെ നിരീക്ഷണങ്ങൾക്കും കൃത്യമായ ആസൂത്രണങ്ങൾക്കും ശേഷമാണ് ഈ ഓപ്പറേഷൻ നടത്തിയത്. സംഘത്തലവന്റെ നിർദ്ദേശപ്രകാരം യു.എ.ഇയിലെ വിവിധ ഇടങ്ങളിൽ മയക്കുമരുന്ന് വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരിൽ നിന്ന് 56.6 കിലോഗ്രാം മയക്കുമരുന്നും 8,159 മയക്കുഗുളികകളും ഹാഷിഷ് ഓയിൽ നിറച്ച വലിയ അളവിലുള്ള ഇലക്ട്രോണിക് സിഗരറ്റുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ഏകദേശം 33 ലക്ഷം ദിർഹം വിലവരുമെന്ന് അധികൃതർ കണക്കാക്കുന്നു.
മയക്കുമരുന്ന് വിതരണ ശൃംഖലകൾ പൂർണ്ണമായും തകർത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള യു.എ.ഇയുടെ ദേശീയ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി ഉണ്ടായത്. അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ സഹകരണം എത്രത്തോളം നിർണായകമാണെന്ന് ഈ ഓപ്പറേഷൻ തെളിയിക്കുന്നതായി നാഷണൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി വ്യക്തമാക്കി. പ്രദേശത്തെ ലഹരിമാഫിയയുടെ വേരറുക്കാനുള്ള ശക്തമായ നീക്കങ്ങൾ തുടരുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.



