റിയാദ്– സൗദി അറേബ്യയിൽ അടുത്ത മാസം നടക്കേണ്ടിയിരുന്ന ആറാമത് യു.എൻ വേൾഡ് ഡാറ്റാ ഫോറവും രണ്ടാമത് സൗദി സ്റ്റാറ്റിസ്റ്റിക്സ് ഫോറവും 2027ലേക്ക് മാറ്റിവെച്ചു. നവംബർ 9 മുതൽ 12 വരെ റിയാദിൽ നിശ്ചയിച്ചിരുന്ന പരിപാടികളുടെ പുതിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.
ഡാറ്റ, സ്ഥിതിവിവരക്കണക്ക് മേഖലയിലെ ആഗോള വിദഗ്ധരുടെയും പങ്കാളികളുടെയും വിപുലമായ പങ്കാളിത്തവും പ്രതീക്ഷിക്കുന്ന നിലവാരത്തിലുള്ള സംഘാടനവും ഉറപ്പാക്കാനാണ് തീയതി മാറ്റിയതെന്ന് അതോറിറ്റി അറിയിച്ചു. എന്നാൽ തീയതി മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. തങ്ങളുടെ ‘റോഡ് ടു റിയാദ്’ പരിപാടികൾ തുടർന്നും നടക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് രംഗത്തുള്ളവർ എന്നിവരുൾപ്പെടെ 20,000ത്തിലധികം പ്രതിനിധികളാണ് ഈ യു.എൻ ഫോറത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.
ഹൂത്തി ആക്രമണങ്ങള്‍: സൗദി നിക്ഷേപ സമ്മേളനം മാറ്റിവെച്ചു
നേരത്തെ, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂത്തി വിമതർ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് സൗദിയുടെ പ്രധാന നിക്ഷേപ സമ്മേളനമായ ‘ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവും’ 2027ലേക്ക് മാറ്റിയിരുന്നു. ഒക്ടോബർ 26 മുതൽ 29 വരെ നടക്കേണ്ടിയിരുന്ന പരിപാടിയാണിത്.
മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സൗദിയിലെ മറ്റ് പ്രമുഖ പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. സാങ്കേതിക സമ്മേളനമായ ‘ലീപ്’, ‘ഇന്റർസെക് സൗദി അറേബ്യ’ (2027 ഒക്ടോബറിലേക്ക്), ‘സൗദി റീട്ടെയിൽ ഫോറം’ (മാർച്ചിലേക്ക്), സൗദി- യൂറോപ്യൻ യൂണിയൻ ഉച്ചകോടി എന്നിവയാണ് തീയതി മാറ്റിയ മറ്റ് പ്രധാന പരിപാടികൾ.



