കുവൈത്ത് സിറ്റി: കുവൈത്തിൽ നാല് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴംഗ വ്യാജമദ്യ നിർമ്മാണ സംഘത്തെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. വഫ്ര റെസിഡൻഷ്യൽ ഏരിയയിലെ ഒരു വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന മദ്യനിർമ്മാണ കേന്ദ്രം അഹ്മദി ഗവർണറേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. നാല് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളുമാണ് പിടിയിലായത്.
പ്രദേശത്ത് എതിർദിശയിൽ വാഹനം ഓടിച്ചുവന്ന ഡ്രൈവറെ വഫ്ര പോലീസ് സ്റ്റേഷൻ പട്രോളിംഗ് സംഘം തടഞ്ഞതോടെയാണ് റെയ്ഡിന് തുടക്കമായത്. വാഹനത്തിനുള്ളിൽ കുപ്പികൾ നിറച്ച ബാഗുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് വ്യാജമദ്യ ശേഖരണ വിവരം പുറത്തുവന്നത്.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്ന് 820 കുപ്പി മദ്യവും 110 ബാരൽ വാഷും പിടിച്ചെടുത്തു. കൂടാതെ രണ്ട് ഹീറ്ററുകളും മദ്യം വിതരണം ചെയ്യാൻ ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പ്രതികളെയും തൊണ്ടിമുതലുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



