മക്ക – വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് ജുമുഅയില്‍ പങ്കെടുക്കാനും ഉംറ നിര്‍വഹിക്കാനും ഒഴുകിയെത്തിയ വിശ്വാസികളെയും തീര്‍ഥാടകരെയും കൊണ്ട് ഹറമും പരിസരപ്രദേശങ്ങളും നിറഞ്ഞുകവിഞ്ഞു. കാലത്തിന്റെ പവിത്രതയും സ്ഥലത്തിന്റെ വിശുദ്ധിയും പ്രതിഫലിപ്പിക്കുന്ന, ഭക്തിയും പ്രാര്‍ഥനയും അലിഞ്ഞുചേര്‍ന്ന, ശാന്തത നിറഞ്ഞ ആത്മീയമായ അന്തരീക്ഷക്ഷമായിരുന്നു ഹറമില്‍.


ഹറമിന്റെ ഇടനാഴികളും മുറ്റങ്ങളും മതാഫും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികളാല്‍ നിറഞ്ഞിരുന്നു. മുസ്‌ലിംകളുടെ ഐക്യവും ആരാധനകളില്‍ ഹൃദയങ്ങളുടെ ഒത്തുചേരലും പ്രതിഫലിപ്പിക്കുന്ന ഗംഭീര ഭക്തിപ്രകടനത്തിന് ഹറം സാക്ഷ്യം വഹിച്ചു. അതിരാവിലെ തന്നെ ഹറമില്‍ എത്തിത്തുടങ്ങിയ തീര്‍ഥാടകര്‍ പ്രാര്‍ഥനകള്‍ക്കും ദൈവീക കീര്‍ത്തനങ്ങള്‍ ഉരുവിടാനും വേണ്ടി സ്വയം സമര്‍പ്പിച്ച് പുണ്യമാസത്തിലെ കാരുണ്യവും അനുഗ്രഹങ്ങളും അനുഭവിച്ചു.


ആരാധകരുടെ സുഖസൗകര്യങ്ങളും സുഗമമായ ഒഴുക്കും ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപത്തോടെ ശ്രമങ്ങള്‍ നടത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, പ്രവേശനത്തിനും പുറത്തുകടക്കലിനും സൗകര്യങ്ങള്‍ ഒരുക്കല്‍, സൗകര്യങ്ങളുടെ ശുചിത്വവും ശുചിത്വവല്‍ക്കരണവും നിലനിര്‍ത്തല്‍, മാര്‍ഗനിര്‍ദേശവും സഹായവും നല്‍കല്‍ എന്നിവ ആരാധനക്കായി ശാന്തവും സമാധാനം നിറഞ്ഞതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചു.


തീര്‍ഥാടകരുടെയും വിശ്വാസികളുടെയും പ്രാര്‍ഥനകളില്‍, ഭക്തിയുടെയും ശാന്തതയുടെയും രംഗങ്ങള്‍ പ്രകടമായിരുന്നു. ആഴമേറിയ വിശ്വാസത്തിന്റെ നിമിഷങ്ങളില്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് എല്ലാവരും പ്രാര്‍ഥനകളില്‍ മുഴുകി. മുസ്‌ലിംകളുടെ ഖിബ്‌ലയും, അവരുടെ ഹൃദയങ്ങളുടെ കേന്ദ്രവും, വികാരങ്ങള്‍ ഒത്തുചേരുകയും ഹൃദയങ്ങള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന ഏകീകരണ കേന്ദ്രവും എന്നോണമുള്ള ഹറമിന്റെ പദവി ഈ നിമിഷങ്ങള്‍ വീണ്ടും ഉറപ്പിച്ചു. ഹറം ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അവാദ് അല്‍ജുഹനി ജുമുഅക്ക് നേതൃത്വം നല്‍കി. വിശ്വാസിക്ക് ഭക്തി കൈവരിക്കാന്‍ വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കിയതെന്ന് ഉണര്‍ത്തിയ ഇമാം, വ്രതാനുഷ്ഠാനത്തിന്റെ ശ്രേഷ്ടതകളെയും പുണ്യങ്ങളെയും വിശ്വാസികള്‍ പാലിക്കേണ്ട മര്യാദകളെയും കുറിച്ച് പ്രതിപാദിച്ചു.



