ഗാസ – വടക്കുപടിഞ്ഞാറന്‍ ഗാസ മുനമ്പിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിന് പടിഞ്ഞാറുള്ള തുവാം പ്രദേശത്ത് മുന്‍ സുരക്ഷാ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രദേശത്തുകൂടി കടന്നുപോവുന്നവരോ അവിടെ ഉണ്ടായിരുന്നവരോ ആയ സാധാരണക്കാര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റു. എല്ലാവരെയും അല്‍ശിഫ ആശുപത്രിയിലേക്കും റെഡ് ക്രസന്റ് ഫീല്‍ഡ് ആശുപത്രിയിലേക്കും മാറ്റി. ചിലരുടെ നില ഗുരുതരമാണ് എന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
കൊല്ലപ്പെട്ടവരില്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹമാസ് നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവിലിയന്‍ പോലീസിനെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് മനഃപൂര്‍വമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അരാജകത്വം സൃഷ്ടിക്കാന്‍ ഇസ്രായില്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. സൈറ്റ് 17 അല്ലെങ്കില്‍ അല്‍റന്റീസി എന്നറിയപ്പെടുന്ന സ്ഥലത്ത് നിരന്തരം പോലീസ് സാന്നിധ്യമുണ്ടായിരുന്നെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബദല്‍ സ്ഥലങ്ങള്‍ ഇല്ലാത്തതിനാല്‍ വലിയ സ്ഥലത്തിന്റെ ഭൂരിഭാഗവും കുടിയിറക്കപ്പെട്ട ആളുകള്‍ക്കുള്ള അഭയകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. അഭയാര്‍ഥികളുടെ ജീവന്‍ സംരക്ഷിക്കാനായി ടെന്റ് ക്യാമ്പില്‍ നിന്ന് വേറിട്ട പ്രത്യേക സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുന്നു.
ഇന്നലെ ഖാന്‍ യൂനിസ് പ്രദേശത്ത് ഇസ്രായിലി ഡ്രോണ്‍ ആക്രമണത്തില്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഫലസ്തീനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂന്ന് വഴിയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് പ്രവര്‍ത്തകനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശനിയാഴ്ച രാവിലെ, വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇസ്രായിലി ഡ്രോണുകള്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ പരിക്കേറ്റു. യെല്ലോ ലൈനിന്റെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് ഖാന്‍ യൂനിസില്‍, ഇസ്രായില്‍ സൈന്യം നിരവധി കെട്ടിടങ്ങള്‍ തകര്‍ത്തു.
2025 ഒക്ടോബര്‍ 10 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഇസ്രായില്‍ കൊലപ്പെടുത്തിയ ഹമാസ് പോലീസ്, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം 35 ല്‍ കൂടുതലായി ഉയര്‍ന്നു. ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 895 കവിഞ്ഞു.



