ദുബൈ– പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി കമ്പനി പ്രതിനിധിയിൽ നിന്ന് ഏകദേശം 17 ലക്ഷം ദിർഹം കവർന്ന കേസിൽ ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതിൽ രണ്ട് പേർ നേരിട്ട് കവർച്ചയിൽ പങ്കെടുത്തവരും മൂന്ന് പേർ പിന്നീട് പിടിയിലായവരുമാണ്. അൽ മുറഖബാത്ത് പരിധിയിലെ അൽ മുതീനയിലുള്ള ഒരു വാണിജ്യ കേന്ദ്രത്തിന് സമീപമാണ് ഈ വൻ കവർച്ച നടന്നത്.
മൊബൈൽ ഫോണുകൾ വിറ്റ വകയിൽ ലഭിച്ച പണം ശേഖരിച്ച് മടങ്ങുകയായിരുന്നു ഇരയായ ഈജിപ്ഷ്യൻ സെയിൽസ്മാൻ. ഹോൾസെയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിന് നൽകാനായി ഏകദേശം 1.7 ദശലക്ഷം ദിർഹം അടങ്ങിയ ബാഗുമായി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓഫീസിൽ നിന്ന് താഴേക്ക് വരുമ്പോഴാണ് സംഭവം. ലിഫ്റ്റിൽ കയറിയ ഇദ്ദേഹത്തോടൊപ്പം അറബ് വംശജനായ ഒരാളും മറ്റൊരു വ്യക്തിയും ഉണ്ടായിരുന്നു. ഇവർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിൽ (സിഐഡി) നിന്നാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇരയെ മർദ്ദിച്ച ശേഷം കെട്ടിടത്തിന്റെ ലോബിയിൽ വെച്ച് പണമടങ്ങിയ ബാഗുമായി സംഘം കടന്നുകളയുകയായിരുന്നു.
സെയിൽസ്മാന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഡാറ്റകൾ വിശകലനം ചെയ്തും നടത്തിയ നീക്കത്തിനൊടുവിൽ മറ്റൊരു എമിറേറ്റിൽ നിന്ന് പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്തി. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണത്തിൽ നിന്ന് 7,28,000 ദിർഹം അധികൃതർ വീണ്ടെടുത്തു. ബാക്കി തുക സ്വന്തം സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ചിലവഴിച്ചതായി പ്രതികൾ സമ്മതിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. പോലീസ് എന്ന വ്യാജേന ആരെങ്കിലും സമീപിച്ചാൽ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗികമായി ഐഡന്റിറ്റി കാർഡ് പരിശോധിക്കണമെന്നും ദുബൈ പോലീസും പബ്ലിക് പ്രോസിക്യൂഷനും നിർദ്ദേശിച്ചു. സാധാരണ ഗതിയിൽ പൊതുസ്ഥലങ്ങളിൽ വെച്ച് ഇത്തരത്തിൽ പരിശോധനകൾ നടത്താറില്ലെന്നും, സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ ഉടൻ തന്നെ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.



