ദുബായ്: യുഎഇയിലെ രക്തദാന രംഗത്ത് മാതൃകാപരമായ സേവനങ്ങൾ കാഴ്ചവെച്ച് ആയിരക്കണക്കിന് ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കെ.എം.സി.സിക്കും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിനും ദുബായ് ഹെൽത്തിന്റെ പ്രശംസാപത്രം ലഭിച്ചു. രക്തദാന ക്യാമ്പുകളുടെ വിജയകരമായ സംഘാടനം, രക്തദാന ബോധവൽക്കരണം, അടിയന്തര ഘട്ടങ്ങളിൽ രക്തദാതാക്കളെ സജ്ജമാക്കൽ, തുടങ്ങിയ മേഖലകളിലെ ശ്രദ്ധേയ സംഭാവനകളെ പരിഗണിച്ചാണ് ഈ അംഗീകാരം നൽകിയത്.
വർഷങ്ങളായി ദുബൈയുടെ വിവിധ ഭാഗങ്ങളിലുമായി നൂറുകണക്കിന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച് ആയിരക്കണക്കിന് യൂണിറ്റ് രക്തം ശേഖരിക്കുന്നതിൽ കെ.എം.സി.സിയും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമും നിർണായക പങ്കുവഹിച്ചവരാണ്. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും അപകടങ്ങളിൽ പരിക്കേറ്റവർക്കും അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നവർക്കും ആവശ്യമായ രക്തം ലഭ്യമാക്കുന്നതിൽ ഈ കൂട്ടായ്മകളുടെ പ്രവർത്തനം വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. രക്തദാനത്തിലൂടെ ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി നിരന്തര ബോധവൽക്കരണ പ്രവർത്തനങ്ങളും യുവാക്കളെ ഉൾപ്പെടുത്തി പ്രത്യേക ക്യാമ്പയിനുകളും സംഘടിപ്പിച്ചുവരികയാണ് ഇവർ.
കെ.എം.സി.സിയുടെയും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെയും പ്രവർത്തനങ്ങൾക്ക് ഇത് ആദ്യമായല്ല സർക്കാർ തലത്തിലുള്ള അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും രക്തദാന രംഗത്ത് നടത്തിയ മികച്ച സേവനങ്ങൾക് യുഎഇയിലെ വിവിധ സർക്കാർ വകുപ്പുകളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രശംസയും ആദരവുകളും ലഭിച്ചിരുന്നു. സാമൂഹിക സേവനത്തിന്റെയും മാനവിക പ്രവർത്തനങ്ങളുടെയും പേരിൽ നിരവധി പ്രവർത്തകർക്കും സംഘാടകർക്കും പ്രത്യേക അംഗീകാരങ്ങൾ ലഭിച്ചതും ഈ രംഗത്തെ സമർപ്പണത്തിന്റെ തെളിവാണ്.
രക്തദാനം ഒരു ജീവൻ രക്ഷാ ദൗത്യമാണെന്നും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രകടനങ്ങളിലൊന്നാണെന്നും കെ.എം.സി.സി നേതാക്കളും കൈൻഡ്നസ് ബ്ലഡ് ഡോനെഷൻ ടീം പ്രധിനിധികളും അഭിപ്രായപ്പെട്ടു. വർഷങ്ങളായി രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത് രക്തം ദാനം ചെയ്ത ആയിരക്കണക്കിന് സന്നദ്ധ രക്തദാതാക്കളുടെ സേവനത്തിനുള്ള അംഗീകാരമാണെന്നും അവർ പറഞ്ഞു. ദുബായിലെ സാമൂഹിക സേവന മേഖലയിലെ ശക്തമായ സാന്നിധ്യമായി മാറിയ കെ.എം.സി.സിയും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമും ഭാവിയിലും കൂടുതൽ വിപുലമായ രക്തദാന ക്യാമ്പുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കെ.എം.സി.സിയുടെയും കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പുകൾ ദുബായിലെ സാമൂഹിക-സന്നദ്ധ സേവന മേഖലയിൽ ശ്രദ്ധേയമായ മാതൃകയാണ്. വിവിധ സർക്കാർ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പുകളുമായും സഹകരിച്ച് നടത്തിയ ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് ആളുകളെ രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ബോധവൽക്കരിക്കാനും പുതിയ രക്തദാതാക്കളെ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ദേശീയ ദിനങ്ങൾ, ആരോഗ്യ ബോധവൽക്കരണ ദിനങ്ങൾ, സാമൂഹിക പ്രാധാന്യമുള്ള അവസരങ്ങൾ എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പുകൾ വലിയ ജനപങ്കാളിത്തം നേടിയിരുന്നു. രക്തദാനത്തെ ഒരു സാമൂഹിക സംസ്കാരമായി വളർത്തിയെടുക്കുന്നതിനും മാനവിക മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും ഈ കൂട്ടായ്മകൾ വഹിച്ച പങ്ക് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
ഈ പുതിയ പ്രശംസാപത്രം രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരുടെയും ആയിരക്കണക്കിന് രക്തദാതാക്കളുടെയും ആത്മാർഥ സേവനത്തിനുള്ള അംഗീകാരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. വരും കാലങ്ങളിലും കൂടുതൽ ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും രക്തദാന സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി
ഡോ. ഹിബ അൽഹുമൈദാൻ, ഡോ. മേയ് വൈ റൗഫ്, മിസ്. അസ്മ അൽ നയാദി, മിസ്റ്റർ സുൽത്താൻ ബെൽഷലാത്ത്, ഡോ. രഞ്ജിത ശർമ്മ, ഡോ. സുമിന്ദർ കൗർ, മിസ്. സിജി ജോർജ്, മിസ്. ഫാത്തിമ ഈസ്സ, മിസ്. റുവൈദ, കെ.എം.സി.സി–കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ ടീമിനെ പ്രതിനിധീകരിച്ച് അൻവർ വയനാട്, ശിഹാബ് തെരുവത്ത്, സലാം കന്യാപ്പാടി, സിദ്ദീഖ് കാലടി, ഹനീഫ് ടി.ആർ, മൊയ്ദു മക്കിയാട്, ഡോ. ഇസ്മായിൽ, അഷ്‌റഫ് സി.വി., സി.എച്ച്. നൂറുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു



