ദോഹ: ഈ വര്‍ഷം ആദ്യ പകുതിയില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഖത്തറില്‍ ജോലിക്ക് ശ്രമിച്ച 27 ആരോഗ്യ പ്രൊഫഷണലുകളെ രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്ഥിരമായി വിലക്കിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജോലി ചെയ്യാനുള്ള ലൈസന്‍സിന് അപേക്ഷിച്ചപ്പോഴാണ് ഇവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചത്.
രജിസ്‌ട്രേഷന്റെയും ലൈസന്‍സിംഗിന്റെയും പ്രാരംഭ ഘട്ടത്തില്‍ അപേക്ഷകരുടെ യോഗ്യതാപത്രങ്ങള്‍ പരിശോധിക്കുന്ന മന്ത്രാലയത്തിന്റെ സ്‌ക്രീനിംഗ് പ്രക്രിയയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചറിഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. സഅദ് അല്‍കഅബി പറഞ്ഞു. ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് തെറ്റായ യോഗ്യതാപത്രങ്ങള്‍ നേരത്തേ തിരിച്ചറിയാനാണ് പ്രാഥമിക സ്‌ക്രീനിംഗ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമര്‍പ്പിച്ച വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കുന്നതിന് പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അപേക്ഷകരുടെ അക്കാദമിക് യോഗ്യതകളുടെയും പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സിന്റെയും കര്‍ശന പരിശോധന നടത്തുന്നതെന്ന് മന്ത്രാലയം അറിയിച്ചു. യോഗ്യതയുള്ള അന്താരാഷ്ട്ര ഹെല്‍ത്ത്‌കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്ക് മാത്രമേ ഖത്തറില്‍ ജോലി ചെയ്യാന്‍ അധികാരമുള്ളൂവെന്ന് ഉറപ്പാക്കാന്‍ ഇത്തരം പരിശോധനകള്‍ ഏറെ സഹായിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.







