കുവൈത്ത് സിറ്റി – ജാബിരിയ പ്രദേശത്ത് മാലിന്യം റോഡില്‍ തള്ളിയതിനെ തുടര്‍ന്ന് ബംഗ്ലാദേശുകാരനായ സെമി ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായി ട്രക്ക് പിടിച്ചെടുക്കുകയും പ്രത്യേക കേന്ദ്രത്തിലെത്തിച്ച് തകര്‍ക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ചുള്ള പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നും ആ തരത്തിലുള്ള ട്രക്ക് ഓടിക്കാന്‍ അധികാരമില്ലാത്ത ലൈസന്‍സ് ഉപയോഗിച്ചാണ് ബംഗാളി വാഹനം ഓടിച്ചിരുന്നതെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായും മന്ത്രാലയം വിശദീകരിച്ചു.
നിയമ ലംഘകന് ട്രാഫിക് പിഴകള്‍ ചുമത്തിയിട്ടുണ്ട്. നാടുകടത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി മുന്‍കരുതല്‍ തടങ്കലിനായി നിയമ ലംഘകനെ ട്രാഫിക് തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.







