റിയാദ്- പ്രാദേശിക സഹകരണം ശക്തമാക്കുന്നതിന്റെയും ഊർജ, ലോജിസ്റ്റിക്സ് മേഖലകളിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെയും ഭാഗമായി വൈദ്യുതി ഗ്രിഡുകളും റെയിൽ ഗതാഗതവും പരസ്പരം ബന്ധിപ്പിക്കാൻ സൗദി അറേബ്യയും യു.എ.ഇയും ധാരണയിലെത്തി. റിയാദിൽ നടന്ന ചടങ്ങിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് അൽസുവൈദിയും ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
വൈദ്യുതി കൈമാറ്റം, വിൽപ്പന, ഇരുരാജ്യങ്ങൾക്കുമിടയിലെ റെയിൽ ശൃംഖല വികസനം എന്നിവയിലെ സമഗ്ര സഹകരണമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഉഭയകക്ഷി സാമ്പത്തിക നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് സൗദി ഊർജ മന്ത്രാലയം വ്യക്തമാക്കി.
ജി.സി.സി ഇന്റർകണക്ഷൻ ഗ്രിഡ് വികസിപ്പിക്കും
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ഗ്രിഡ് ഇന്റർകണക്ഷൻ പൊതു കരാറിന് അനുസൃതമായി മറ്റ് ജി.സി.സി അംഗരാജ്യങ്ങളുമായി ചേർന്ന് വിപുലമായ ഇന്റർകണക്ഷൻ ഗ്രിഡ് വികസിപ്പിക്കാൻ സൗദിയും യു.എ.ഇയും മുൻകൈയെടുക്കും. മേഖലയിലെ ഊർജ സംവിധാനങ്ങളുടെ ഉൽപ്പാദനക്ഷമതയും സുരക്ഷയും ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.
ചരക്ക് ഗതാഗതത്തിന് പുതിയ റെയിൽ പാത
ഇരുരാജ്യങ്ങൾക്കുമിടയിലുള്ള റെയിൽ ഗതാഗതത്തെ നിയന്ത്രിക്കുന്ന പൊതുതത്വങ്ങളും ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചരക്കുകളുടെയും ഉൽപ്പന്നങ്ങളുടെയും വേഗത്തിലുള്ള കൈമാറ്റം ഉറപ്പാക്കുന്ന ഈ പദ്ധതി, ലോജിസ്റ്റിക്സ് മേഖലയിലെ ഏകോപനം ശക്തമാക്കുകയും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശിക കൂട്ടായ്മയ്ക്കും പുതിയ കരാർ വലിയ കരുത്തേകും.







