ജിദ്ദ- ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും ഉടലെടുത്ത വിതരണ തടസ്സങ്ങൾക്കിടയിലും ആഗോള ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ എണ്ണ എത്തിക്കാൻ സൗദി അറേബ്യയ്ക്ക് തുണയായത് രാജ്യത്തെ ‘കിഴക്ക്- പടിഞ്ഞാറ്’ (ഈസ്റ്റ്- വെസ്റ്റ്) പൈപ്പ്ലൈനാണെന്ന് സൗദി സെൻട്രൽ ബാങ്ക് ഗവർണർ ഐമൻ അൽ സയാരി വ്യക്തമാക്കി. ഇസ്താംബൂൾ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊർജ അധിഷ്ഠിത അടിസ്ഥാന സൗകര്യ വികസനത്തിൽ സൗദി അറേബ്യ നടത്തിയ ദീർഘകാല നിക്ഷേപങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. കിഴക്കൻ പ്രവിശ്യയിലെ പ്രധാന എണ്ണപ്പാടങ്ങളിൽ നിന്ന് ചെങ്കടൽ തീരത്തേക്ക് സുരക്ഷിതമായി എണ്ണ എത്തിക്കാൻ ഈ പൈപ്പ്ലൈൻ വഴിയൊരുക്കുന്നു.
പ്രതിദിനം 58 ലക്ഷം മുതൽ 60 ലക്ഷം വരെ ബാരൽ എണ്ണയാണ് ഈസ്റ്റ്- വെസ്റ്റ് പൈപ്പ്ലൈനിലൂടെ കൊണ്ടുപോകുന്നത്. മറ്റു കടൽപ്പാതകളിലുണ്ടായ തടസ്സങ്ങളും വിതരണക്കുറവും നികത്താൻ ഇതിലൂടെ സാധിച്ചതായി അൽസയാരി കൂട്ടിച്ചേർത്തു.
ഇറാഖിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ആക്രമണത്തെ തുടർന്ന് കഴിഞ്ഞ മാസം ഈസ്റ്റ്- വെസ്റ്റ് പൈപ്പ്ലൈൻ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ആളപായത്തിനും വസ്തുവകകളുടെ നാശനഷ്ടത്തിനും കാരണമായ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിരുന്നില്ല. എന്നാൽ അറ്റകുറ്റപ്പണികൾക്ക് ശേഷം വിതരണ ശൃംഖല പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







