തിരുവനന്തപുരം- വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ സെന്ററുകളിലൂടെ നടപടികൾ പൂർത്തിയാക്കാം.
കേരളത്തിന് പുറത്ത് പരമാവധി ആളുകൾക്ക് നോർക്ക കെയർ എൻറോൾമെന്റ് സേവനം ലഭിക്കുന്നതിനായാണ് സംസ്ഥാനത്ത് എല്ലായിടത്തും സാന്നിധ്യമുള്ള അക്ഷയ കേന്ദ്രങ്ങളുമായി നോർക്ക റൂട്ട്‌സ് സഹകരിച്ചു പ്രവർത്തിക്കുന്നത്.ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളി, കുട്ടികൾ എന്നിവർക്കൊപ്പം 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങൾക്കും ക്ലെയിം ലഭിക്കും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
നോർക്ക കെയർ പ്ലസ് പദ്ധതി ആദ്യ എൻറോൾമെന്റ് സമയത്ത് അംഗങ്ങളാകാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്ന് പ്രവാസികൾ ആവശ്യം ഉന്നയിച്ചിരുന്നു. സർക്കാർ ഇക്കാര്യം പരിഗണിച്ചതിന്റെ ഭാഗമായി രണ്ടാം ഘട്ട എൻറോൾമെൻറ് നടത്തിവരുന്നു. സെപ്റ്റംബർ 18 വരെ പദ്ധതിയിൽ ചേരാം.







