ജിദ്ദ – സൗദി വ്യവസായിയുടെ അനന്തരാവകാശികളില്‍ ഈജിപ്ഷ്യന്‍ ഭാര്യയെ ഉള്‍പ്പെടുത്തി ജിദ്ദ പേഴ്സണല്‍ സ്റ്റാറ്റസ് അപ്പീല്‍ കോടതി അന്തിമ വിധി പുറപ്പെടുവിച്ചു. ഭര്‍ത്താവിന്റെ അനന്തര സ്വത്തില്‍ നിന്ന് ഇവര്‍ക്ക് 15 കോടിയിലേറെ റിയാല്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടു.
പിതാവും ഈജിപ്തുകാരിയുമായുള്ള ദാമ്പത്യ ബന്ധം തുടരുന്നത് നിഷേധിക്കാനും അനന്തര സ്വത്തില്‍ ഈജിപ്തുകാരിക്കുള്ള അവകാശം തടയാനും ചില അനന്തരാവകാശികള്‍ 1990 കളില്‍ സൗദി അറേബ്യക്ക് പുറത്ത് അനുവദിച്ച വിവാഹമോചന സര്‍ട്ടിഫിക്കറ്റ് അവലംബിക്കുകയായിരുന്നു.
എന്നാല്‍ ഔദ്യോഗിക രേഖകളിലൂടെയും പിന്തുണക്കുന്ന സാക്ഷ്യങ്ങളിലൂടെയും തങ്ങളുടെ വിവാഹബന്ധം മരണം വരെ നീണ്ടുനിന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഭാര്യ ഹാജരാക്കി. തെളിവുകള്‍ പരിശോധിച്ച ശേഷം, മരണസമയത്ത് വിവാഹബന്ധം നിലവിലുണ്ടായിരുന്നതായി കോടതി സ്ഥിരീകരിച്ചു. സംശയത്താല്‍ ഉറപ്പ് റദ്ദാക്കാന്‍ കഴിയില്ല എന്ന തത്വം ഊന്നിപ്പറഞ്ഞ കോടതി, നിയമപരമായ നടപടിക്രമങ്ങള്‍ക്കനുസൃതമായി വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചു.



