അബുദാബി: മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) പ്രവര്‍ത്തിപ്പിക്കുന്ന പതിനഞ്ച് കപ്പലുകള്‍ക്കു നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുണ്ടായതായി കമ്പനി ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഈ ആഴ്ച മാത്രം മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ടു. അതിന്റെ ഫലമായി ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കപ്പലുകള്‍ക്കും ആസ്തികള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ തുടര്‍ന്ന് പ്രാദേശിക വെല്ലുവിളികള്‍ തുടരുന്നുണ്ടെങ്കിലും ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കമ്പനി അറിയിച്ചു.
ഉപഭോക്താക്കളെ പിന്തുണക്കുന്നതിനൊപ്പം തങ്ങളുടെ ആളുകളെയും ആസ്തികളെയും പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഡ്നോക് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള ഗതാഗത സ്വാതന്ത്ര്യവും വാണിജ്യ ഷിപ്പിംഗിന്റെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ചലനവും ഭീഷണികള്‍, ഉപദ്രവങ്ങള്‍, ആക്രമണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കപ്പെടണമെന്ന് അഡ്നോക് ഊന്നിപ്പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







