ദുബായ്- യു.എ.ഇയിലെ അൽ ഹലയിൽ 2.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ഏപ്രിൽ 19 രാത്രി 9:15-ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 3.9 കിലോമീറ്റർ ആഴത്തിലാണ് ഇതിന്റെ പ്രഭവകേന്ദ്രമെന്ന് എൻ.സി.എം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഖലയിൽ രേഖപ്പെടുത്തുന്ന നേരിയ ഭൂകമ്പ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. ജനുവരി 3-ന് രാവിലെ 10:43-ന് മുസന്ദത്തിന് തെക്ക് ഭാഗത്ത് 2.2 തീവ്രതയുള്ള ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഹോർമുസ് കടലിടുക്കിന് തെക്കായി സ്ഥിതി ചെയ്യുന്ന മുസന്ദം പ്രദേശം പ്രധാനമായും ഒമാന്റെ ഭരണത്തിന് കീഴിലാണെങ്കിലും, റാസൽഖൈമ, ദിബ്ബയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെ യുഎഇയുടെ പരിധിയിലും ഈ പ്രദേശം വരുന്നുണ്ട്.
നേരത്തെ, ഡിസംബർ 28-ന് പുലർച്ചെ 4:44-ന് മുസന്ദത്തിന് തെക്ക് ഭാഗത്ത് 5 കിലോമീറ്റർ ആഴത്തിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇത് യുഎഇയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. നവംബർ 4-ന് ഇതേ മേഖലയിൽ ഉണ്ടായ 4.6 തീവ്രതയുള്ള ശക്തമായ ഭൂചലനം എമിറേറ്റ്‌സിലുടനീളം അനുഭവപ്പെട്ടിരുന്നു.
യുഎഇ പ്രധാന ഭൂകമ്പ മേഖലയിലല്ല സ്ഥിതി ചെയ്യുന്നതെങ്കിലും, ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നായ സാഗ്രോസ് പർവതനിരയോട് അടുത്തായതിനാൽ ഇവിടെ ഇടയ്ക്കിടെ നേരിയ പ്രകമ്പനങ്ങൾ അനുഭവപ്പെടാറുണ്ട്. അയൽരാജ്യങ്ങളായ ഇറാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിൽ അടിക്കടിയുണ്ടാകുന്ന ഭൂകമ്പങ്ങളുടെ ഫലമായും യുഎഇയിൽ ചെറിയ തോതിലുള്ള കുലുക്കങ്ങൾ അനുഭവപ്പെടാറുണ്ട്.



