അബുദാബി – അബുദാബിയിലെ ഷാ ഗ്യാസ് ഫീല്‍ഡില്‍ ഡ്രോണ്‍ ആക്രമണം. ഇതേ തുടര്‍ന്ന് ഗ്യാസ് ഫീല്‍ഡില്‍ ഉണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും അബുദാബി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതുവരെ ഷാ ഗ്യാസ് ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
തീ നിയന്ത്രണവിധേയമാക്കാന്‍ പ്രതികരണ സംഘങ്ങള്‍ പ്രവര്‍ത്തിച്ചതായും തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ആര്‍ക്കും പരിക്കില്ലെന്നും അബുദാബി മീഡിയ ഓഫീസ് പറഞ്ഞു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി യു.എ.ഇയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആവര്‍ത്തിച്ച് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ റുവൈസ് പ്രദേശത്തെ എണ്ണ വ്യവസായ കേന്ദ്രം ലക്ഷ്യമിട്ടുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം അബുദാബിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു.



