ജിദ്ദ – മോശം പ്രകടനം കാരണം ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 1,800 വിദേശ ട്രാവല്‍ ഏജന്‍സികളുമായുള്ള കരാറുകള്‍ ഹജ്, ഉംറ മന്ത്രാലയം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉംറ സേവന മേഖലയില്‍ 5,800 ഓളം വിദേശ ട്രാവല്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട 1,800 ഏജന്‍സികളുമായുള്ള കരാറുകളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. പ്രകടനത്തിലെ പോരായ്മകളും മോശം സേവന നിലവാരവും വെളിപ്പെടുത്തിയ ആനുകാലിക വിലയിരുത്തല്‍ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പദവി ശരിയാക്കുന്നതിന് ഈ ഏജന്‍സികള്‍ക്ക് മന്ത്രാലയം 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
പുതിയ വിസകള്‍ നല്‍കുന്നതിന് മാത്രമാണ് സസ്‌പെന്‍ഷന്‍ ബാധകമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. വര്‍ഗീകരണ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നത് മെച്ചപ്പെടുത്താനും ഏജന്‍സികളെ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിയന്ത്രണ സമീപനത്തിന്റെ ഭാഗമായാണ് കരാറുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ആവശ്യമായ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഗ്രേസ് പിരീഡിന് ശേഷം കരാറുകള്‍ വീണ്ടും സജീവമാക്കുമെന്ന് മന്ത്രാലയം പറഞ്ഞു.
സാധുവായ വിസകളോ നിലവില്‍ ബുക്കിംഗുകളോ ഉള്ള തീര്‍ഥാടകരെ ഈ നടപടി ബാധിക്കില്ല. ഇവര്‍ക്കുള്ള സേവനങ്ങള്‍ യാതൊരുവിധ മാറ്റങ്ങളും കൂടാതെ തടസ്സമില്ലാതെ തുടരും. അംഗീകൃത വര്‍ഗീകരണ സംവിധാനത്തിന്റെയും പ്രകടന സൂചകങ്ങളുടെയും പ്രയോഗം സേവന ദാതാവിന്റെ അനുസരണം മെച്ചപ്പെടുത്താനും അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായ സേവനങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കാനുമുള്ള അടിസ്ഥാന നിയന്ത്രണ നടപടിക്രമമാണ്. തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ നിയന്ത്രണ നടപടികളിലും മുന്‍ഗണന നല്‍കുന്നുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
നിശ്ചിത സമയപരിധിക്ക് ശേഷവും പദവികള്‍ ശരിയാക്കുന്നതില്‍ പരാജയപ്പെടുന്ന ഏതൊരു ട്രാവല്‍ ഏജന്‍സിക്കെതിരെയും ആവശ്യമായ എല്ലാ നിയമാനുസൃത നടപടികളും മന്ത്രാലയം സ്വീകരിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയവക്താവ് ഡോ. ഗസ്സാന്‍ അല്‍നുവൈമി പറഞ്ഞു. ഉംറ സംവിധാനത്തിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കാനും തീര്‍ഥാടകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി നിരീക്ഷണ, വിലയിരുത്തല്‍ ഉപകരണങ്ങള്‍ തുടര്‍ച്ചയായി പ്രയോഗിക്കുമെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.



