കുവൈത്ത് സിറ്റി– ഇറാനും ലെബനീസ് ഹിസ്ബുല്ലക്കും വേണ്ടി ചാരവൃത്തി നടത്തുകയും കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിനെയും മറ്റ് മുതിർന്ന നേതാക്കളെയും വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ. കേസിൽ ഉൾപ്പെട്ട മറ്റ് എട്ടുപേർക്ക് അഞ്ച് വർഷം വീതം തടവുശിക്ഷയും കുവൈത്ത് ക്രിമിനൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി ബെഞ്ച് വിധിച്ചു.
ജഡ്ജി നാസർ അൽ ബദർ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ശൈഖ് ഹുസൈൻ അബ്ദുല്ല അൽ മഅ്തൂഖ്, ഹസ്സൻ അബ്ദുൽഹാദി ഹാജി, ഇറാൻ പൗരനായ അബ്ദുരിദ ഹൈദർ ദെഹ്ഗാനി എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. ഒമ്പത് കുവൈത്തികളും ഒരു ഇറാൻ പൗരനും ഒരു ‘ബിദൂൻ’ (പൗരത്വമില്ലാത്തയാൾ) വിഭാഗത്തിൽപ്പെട്ടയാളുമാണ് കേസിലെ പ്രതികൾ. ഇതിൽ മൂന്നുപേർ വിദേശത്താണ്.
രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങൾക്ക് കോട്ടം തട്ടിക്കൽ, വിദേശ ഏജൻസികൾക്കായി ചാരവൃത്തി നടത്തൽ, ഹിസ്ബുല്ലയിൽ ചേരൽ, സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് രാജ്യത്ത് ഭീതി പടർത്താൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയത്. ആഭ്യന്തര മന്ത്രിയെ വധിക്കുന്നതിനായി യോഗങ്ങൾ ചേരുകയും പങ്കാളിത്തം വീതിച്ചു നൽകുകയും സ്ഫോടകവസ്തുക്കൾ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തതായി കേസ് ഫയലുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും തകർക്കാനുള്ള നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. അതിർത്തിക്ക് പുറത്തുനിന്നുള്ള ഉത്തരവുകൾ രാജ്യത്ത് അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും വിദേശ ഏജൻസികളുടെ ലക്ഷ്യസ്ഥാനമായി സർക്കാർ സ്ഥാപനങ്ങളോ നേതാക്കളോ മാറരുതെന്നും കോടതി കൂട്ടിച്ചേർത്തു.
2015ൽ പുറത്തുവന്ന പ്രശസ്തമായ ‘അൽ അബ്ദലി സെൽ’ കേസിലും ഈ പ്രതികൾക്ക് പങ്കുണ്ടായിരുന്നു. അന്ന് ഇറാഖ് അതിർത്തിക്കടുത്തുള്ള ഫാമുകളിൽ നിന്ന് 19 ടൺ വെടിയുണ്ടകളും 144 കിലോഗ്രാം സ്ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ആ കേസിലും പ്രതികൾക്ക് വധശിക്ഷയും തടവും ലഭിച്ചിരുന്നു. പിന്നീട് പുതിയ ഗൂഢാലോചന വെളിപ്പെട്ടതോടെയാണ് സ്റ്റേറ്റ് സെക്യൂരിറ്റി കോടതി വീണ്ടും വിചാരണ നടത്തി കർശന ശിക്ഷ വിധിച്ചത്.



