കുവൈത്ത് സിറ്റി– കുറഞ്ഞ ചെലവിൽ ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വദേശികളെ തട്ടിപ്പിനിരയാക്കിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിലായി. അൽ ഫൈഹാ ഇൻവെസ്റ്റിഗേഷൻസ് ഓഫീസർമാരാണ് പ്രതിയെ പിടികൂടിയത്.
വിപണി നിരക്കിന്റെ പകുതി തുകയ്ക്ക് ഗാർഹിക തൊഴിലാളികളെ നൽകാം എന്ന് വിശ്വസിപ്പിച്ച് കുവൈത്തി പൗരന്മാരിൽ നിന്ന് മുൻകൂറായി പണം കൈപ്പറ്റിയ ശേഷമാണ് ഇയാൾ മുങ്ങിയിരുന്നത്. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇൻവെസ്റ്റിഗേഷൻ സംഘം പ്രതിയുടെ ഒളിത്താവളം കണ്ടെത്തി റെയ്ഡ് നടത്തുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. എന്നാൽ എത്രപേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നോ, എത്ര തുക പ്രതി തട്ടിയെടുത്തിട്ടുണ്ടെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.



