ജിദ്ദ- സൗദി അറേബ്യയിലെ വിവിധ വിമാനക്കമ്പനികൾക്കെതിരെ മാർച്ചിൽ യാത്രക്കാരിൽ നിന്ന് 2,033 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. 2025 മാർച്ചിൽ ലഭിച്ച 965 പരാതികളെ അപേക്ഷിച്ച് ഇത്തവണ പരാതികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന സർവീസുകൾ റദ്ദാക്കൽ, സമയക്രമത്തിലെ മാറ്റങ്ങൾ, ടിക്കറ്റ് തുക തിരികെ നൽകുന്നതിലെ താമസം, ബാഗേജ് സേവനങ്ങളിലെ പിഴവുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് കൂടുതൽ പരാതികളും ഉയർന്നുവന്നത്. സേവന ദാതാക്കളുടെ പ്രകടനം വിലയിരുത്താനും യാത്രക്കാർക്ക് മികച്ച കമ്പനി തിരഞ്ഞെടുക്കാൻ സഹായിക്കാനുമാണ് അതോറിറ്റി ഈ പ്രതിമാസ റിപ്പോർട്ട് പുറത്തുവിടുന്നത്.
പ്രമുഖ വിമാനക്കമ്പനികളിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് സൗദി അറേബ്യൻ എയർലൈൻസിനെതിരെയാണ്. ഓരോ ലക്ഷം യാത്രക്കാരിലും 27 പേർ എന്ന തോതിലാണ് സൗദിയക്കെതിരെ പരാതി ഉയർന്നത്. ഇതിൽ 76 ശതമാനം പരാതികളും കമ്പനി സമയബന്ധിതമായി പരിഹരിച്ചു. പരാതികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ഫ്ലൈ അദീലിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 64 പരാതികൾ വീതം ലഭിച്ചപ്പോൾ, ഇതിൽ 99 ശതമാനവും പരിഹരിക്കാൻ കമ്പനിക്ക് സാധിച്ചു. മൂന്നാം സ്ഥാനത്തുള്ള ഫ്ലൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 78 പരാതികൾ ലഭിച്ചു. ഫ്ലൈ നാസിനെതിരെ ലഭിച്ച എല്ലാ പരാതികളും നിശ്ചിത സമയത്തിനകം തന്നെ കമ്പനി പരിഹരിച്ചു.


വിമാനത്താവളങ്ങളുടെ കാര്യമെടുത്താൽ, വലിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിനാണ്. ഒരു ലക്ഷം യാത്രക്കാർക്ക് ഒരു പരാതി എന്ന നിരക്കിൽ ആകെ 30 പരാതികൾ മാത്രമാണ് ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തത്. ഇതിൽ 95 ശതമാനവും അധികൃതർ പരിഹരിച്ചു. താരതമ്യേന തിരക്ക് കുറഞ്ഞ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ ജിസാനിലെ കിംഗ് അബ്ദുള്ള വിമാനത്താവളവും ആഭ്യന്തര വിമാനത്താവളങ്ങളുടെ പട്ടികയിൽ ഖുറയ്യാത്ത് വിമാനത്താവളവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇരു വിമാനത്താവളങ്ങൾക്കെതിരെയും ഓരോ പരാതികൾ മാത്രമാണ് ലഭിച്ചതെന്നും അവ സമയബന്ധിതമായി പരിഹരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.



