ലക്‌നോ- ഉത്തർപ്രദേശിലെ ലക്‌നൗവിൽ നിന്നും സൗദി അറേബ്യയിലെ ദമ്മാമിലേക്ക് പുറപ്പെട്ട 6ഇ 97 ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.
വിമാനത്തിനുള്ളിൽ ഒരു ടിഷ്യൂ പേപ്പറിൽ ‘ബോംബ്’ എന്ന് എഴുതിവെച്ച നിലയിൽ ക്യാബിൻ ക്രൂ അംഗമാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. സന്ദേശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്ന് വൈകിട്ട് 5.45ഓടെ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ഇറക്കുകയായിരുന്ന
വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരും 6 ക്രൂ അംഗങ്ങളും പൂർണ്ണ സുരക്ഷിതരാണ്. ഇവരെ ഉടൻ തന്നെ ടെർമിനൽ 2ലേക്ക് മാറ്റി.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്, ലോക്കൽ പോലീസ്, ബോംബ് സ്‌ക്വാഡ് എന്നിവർ വിമാനത്തിൽ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പ്രാഥമിക നിഗമനത്തിൽ ഇതൊരു വ്യാജ ഭീഷണിയാണെന്നാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







