മനാമ – ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ബഹ്‌റൈന്‍ വനിത അടക്കം മൂന്നു പേരെ ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ബഹ്റൈന് എതിരെ ഭീകരാക്രമണങ്ങള്‍ നടത്തുകയും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനിയുണ്ടാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുമായി സഹകരിച്ച കേസിലാണ് ബഹ്‌റൈന്‍ വനിതയെ കോടതി ശിക്ഷിച്ചത്. പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ബഹ്റൈനിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ചിത്രങ്ങളും കോര്‍ഡിനേറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ അക്കൗണ്ട് കണ്ടെത്തിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിക്കു കീഴിലെ സൈബര്‍ ക്രൈം യൂണിറ്റില്‍ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. രാജ്യത്തിന്റെ സൈനിക, രാഷ്ട്രീയ, സാമ്പത്തിക നിലയെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കം അക്കൗണ്ട് പ്രസിദ്ധീകരിക്കുന്നതായി സൈബര്‍ ക്രൈം യൂണിറ്റിന്റെ നിരീക്ഷണത്തില്‍ കണ്ടെത്തി. രാജ്യത്തിനെതിരായ ഇറാന്‍ ആക്രമണത്തെ മഹത്വപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങളും ഈ അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. അന്വേഷണത്തിലൂടെ അക്കൗണ്ട് ഉപയോക്താവിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
റിപ്പോര്‍ട്ട് ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റങ്ങള്‍ സമ്മതിച്ചു.
ബഹ്റൈന് രാജ്യത്തെ ആക്രമിക്കുന്നവരെ സഹായിക്കാന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ചതായി അവര്‍ വ്യക്തമാക്കി. നിരവധി സുപ്രധാന സൈറ്റുകളുടെ ഫോട്ടോകളും കോര്‍ഡിനേറ്റുകളും അവയെ എളുപ്പത്തില്‍ ആക്രമിക്കാന്‍ കഴിയുമെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകളും പ്രതി സാമൂഹികമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്തു. ഇറാന്‍ ആക്രമണമുണ്ടായ സ്ഥലങ്ങളുടെ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തതായും പ്രതി പറഞ്ഞു. ബഹ്‌റൈന് എതിരായ ഇറാന്‍ ആക്രമണത്തെ മഹത്വപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ പ്രതി ഉദ്ദേശിച്ചത്. തല്‍ഫലമായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ ഉത്തരവിടുകയും ഹൈ ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. വിചാരണ പൂര്‍ത്തിയാക്കി ഇന്നത്തെ സെഷനില്‍ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ മറ്റു രണ്ട് പ്രതികളെയും ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. ഇരുവര്‍ക്കും 10,000 ദീനാര്‍ വീതം പിഴയും വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.



