മനാമ- ”പ്രവാസവും പ്രമേഹവും” എന്ന പേരില്‍ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ബഹ്റൈന്‍ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റ്. പരിപാടി അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ അഭിഗൈല്‍ കരോലിന്‍ ഡേവിഡ് നയിച്ചു. പ്രവാസ ജീവിതത്തില്‍ പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ വിശദമായി പറഞ്ഞു. നിരവധി പേര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. വിഷയവതാരക സദസ്സുമായി സംവദിക്കുകയും പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു.
ഹാജിയത് യൂണിറ്റ് സെക്രട്ടറി സരിത മേലത്ത് സ്വാഗതം ആശംസിച്ചപ്പോൾ പ്രസിഡന്റ് നിതിന്‍ ആനന്ദ് അധ്യക്ഷത വഹിച്ചു. പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍, വെസ്റ്റ് റിഫ രക്ഷാധികാരി ചന്ദ്രന്‍ പിണറായി എന്നിവര്‍ ചേര്‍ന്ന് വിഷയവതാരകയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും പ്രോഗ്രാം കണ്‍വീനറുമായ സജീവ് നന്ദി രേഖപ്പെടുത്തി. അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു. നിരവധി പേര്‍ പരിശോധനയില്‍ പങ്കെടുത്തു.



