മസ്കത്ത്: ഒമാനിലെ ഖസബിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ രണ്ട് വാണിജ്യ കപ്പലുകള്‍ക്കു നേരെ പ്രൊജക്ടൈല്‍ ആക്രമണം. ആക്രമണത്തില്‍ ഒരു കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ (UKMTO) അറിയിച്ചു. കപ്പലുകള്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ജീവനക്കാരുടെ സുരക്ഷയോ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഖസബിന് നാല് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറിയാണ് സംഭവം. രണ്ട് കപ്പലുകളിലുമായി നാല് പ്രൊജക്ടൈലുകള്‍ പതിച്ചതായി സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് ഇരയായ കപ്പലുകളുടെ വിവരങ്ങളോ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരാണെന്നും വ്യക്തമല്ല. മേഖലയിലെ കപ്പല്‍ പാതകളില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, സംഭവം UKMTO സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.







