ദമാം– കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിന് വടക്കുകിഴക്കായി എണ്ണ ടാങ്കറിന് നേരെ ആക്രമണം. ചെറുബോട്ടിലെത്തിയ സംഘം റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ അറിയിച്ചു. സംഭവത്തിൽ കപ്പലിന്റെ പിൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചെങ്കിലും ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
ജുബൈലിൽ നിന്ന് ഏകദേശം 78 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. കപ്പലിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും പരിസ്ഥിതി ആഘാതത്തെക്കുറിച്ചും വിശദമായ പരിശോധന നടന്നുവരികയാണ്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വിവരങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും സമുദ്രസുരക്ഷാ ഏജൻസികൾ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ സൂപ്പർ ടാങ്കറിന് തീപിടിച്ചു
മറ്റൊരു സംഭവത്തിൽ, ഹോർമുസ് കടലിടുക്കിൽ സമുദ്ര മൈനിൽ തട്ടി എണ്ണ ടാങ്കറിന് തീപിടിച്ചതായി ഇറാൻ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. 20 ലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിലുമായി നിയമങ്ങൾ ലംഘിച്ച് അനധികൃതമായി സഞ്ചരിക്കാൻ ശ്രമിച്ച സൂപ്പർ ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കൻ പിന്തുണയോടെ, ട്രാക്കിംഗ് സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനരഹിതമാക്കിയാണ് കപ്പൽ കടന്നുപോകാൻ ശ്രമിച്ചതെന്ന് ഇറാൻ ആരോപിച്ചു. രാത്രിയിൽ കപ്പൽ കത്തുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ആഗോള എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തിരുന്നു. ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാന്റെ അനുമതി തേടണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.
ഇറാന്റെ ഉപരോധത്തിന് മറുപടിയായി ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ അമേരിക്കയും മേഖലയിൽ നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ സംവിധാനങ്ങൾ ഓഫാക്കി സഞ്ചരിക്കുന്ന കപ്പലുകളെ ശത്രുതാപരമായ കപ്പലുകളായി കണക്കാക്കുമെന്ന് റവല്യൂഷണറി ഗാർഡ് നാവിക കമാൻഡർ അഡ്മിറൽ അലി ഒസ്മായി മുന്നറിയിപ്പ് നൽകിയിരുന്നു.







