റിയാദ് – ദക്ഷിണ സൗദിയില്‍ വീണ്ടും ഹൂത്തികളുടെ മിസൈല്‍ ആക്രമണ ശ്രമം. ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂത്തികള്‍ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ തടഞ്ഞ് തകര്‍ത്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
ദക്ഷിണ സൗദിയിലും റിയാദിലും മിസൈല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഇന്ന് നേരത്തെയും ഹൂത്തികള്‍ ശ്രമിച്ചിരുന്നു. ദക്ഷിണ സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും റിയാദില്‍ ആക്രമണം നടത്താന്‍ വിക്ഷേപിച്ച ക്രൂയിസ് മിസൈലും ലക്ഷ്യങ്ങളിലെത്തുന്നതിന് മുമ്പായി തടഞ്ഞ് തകര്‍ക്കുകയായിരുന്നു.
കിഴക്കന്‍ പ്രവിശ്യയിലും റിയാദ് പ്രവിശ്യയില്‍ പെട്ട അല്‍ഖര്‍ജിലും അപകട ഭീഷണിയുള്ളതായി നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി ഇന്ന് പുലര്‍ച്ചെ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടിടങ്ങളിലും അപകട ഭീഷണി നീങ്ങിയതായി അല്പ സമയത്തിനു ശേഷം സിവില്‍ ഡിഫന്‍സ് അറിയിച്ചു.



