റിയാദ്- പ്രവാസി സമൂഹത്തിലെ സാമൂഹിക ഇടപെടലുകൾക്കും കൂട്ടായ പ്രവർത്തനങ്ങൾക്കും ഊർജം പകർന്ന മാധ്യമ പ്രവർത്തകനായിരുന്നു കെ.യു. ഇഖ്ബാലെന്ന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ജീവകാരുണ്യ രംഗത്ത് ക്രിയാത്മകമായി ഇടപെടുന്ന വ്യക്തികളെയും സംഘടനകളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്ത ഇഖ്ബാൽ ഇന്നും ജ്വലിക്കുന്ന ഓർമയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജീവകാരുണ്യ പ്രവർത്തകൻ തെന്നല മൊയ്തീൻകുട്ടി പറഞ്ഞു.
പ്രവാസി സംഘടനകളുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലെത്തിക്കുന്നതിലും അവയെ കൂടുതൽ സജീവവും കാര്യക്ഷമവുമാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. എഴുത്തുകാർ, കലാകാരന്മാർ, സാമൂഹിക പ്രവർത്തകർ, സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകർ തുടങ്ങി വിവിധ മേഖലകളിലെ പ്രതിഭകളെയും അവരുടെ സംഭാവനകളെയും സമൂഹത്തിന് പരിചയപ്പെടുത്തുന്നതിലും അദ്ദേഹം പ്രത്യേക താൽപര്യം കാണിച്ചു. പുതിയ പ്രതിഭകൾക്ക് ആത്മവിശ്വാസവും അംഗീകാരവും നേടിക്കൊടുക്കാൻ പത്രപ്രവർത്തനത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ വ്യക്തിയായിരുന്നു ഇഖ്ബാലെന്നും സംസാരിച്ചവർ അനുസ്മരിച്ചു.
അനുസ്മരണ പരിപാടിയിൽ മീഡിയ ഫോറം ട്രഷറർ സുലൈമാൻ ഊരകം അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഷമീർ കുന്നുമ്മൽ സ്വാഗതം പറഞ്ഞു. കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഒ ഐ സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, കേളി മീഡിയ കൺവീനർ പ്രദീപ് ആറ്റിങ്ങൽ, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. ജലീൽ, സുധീർ കുമ്മിൾ, സിദ്ദീഖ് കല്ലുപറമ്പൻ, ഷംനാദ് കരുനാഗപ്പള്ളി, വി.ജെ. നസറുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, നാദിർഷ റഹ്മാൻ, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു.



