ജിദ്ദ– ആഗോള ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ ബാഴ്‌സലോണയുടെ യുവതാരം ലാമിൻ യമാലിന്റെ പേര് വീണ്ടും ചർച്ചയാകുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ-ഇത്തിഹാദ് താരത്തെ ടീമിലെത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതോടെയാണിത്.
സ്പാനിഷ് പത്രമായ ‘ഫിച്ചാജെസ്’ (Fichajes) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ക്ലബ്ബ് വിട്ട കരീം ബെൻസെമയ്ക്കും മൂസ ഡയാബിക്കും പകരക്കാരനായി ഒരു മികച്ച താരത്തെ തിരയുകയാണ് അൽ-ഇത്തിഹാദ് മാനേജ്‌മെന്റ്. തങ്ങളുടെ പുതിയ സ്പോർട്ടിംഗ് പ്രൊജക്റ്റിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ താരം യമാലാണെന്ന് അവർ വിശ്വസിക്കുന്നു. ഇതിനായി ഏകദേശം 300 മില്യൺ യൂറോയുടെ (ഏകദേശം 2700 കോടി രൂപ) റെക്കോർഡ് തുകയാണ് സൗദി ക്ലബ്ബ് വാഗ്ദാനം ചെയ്യുന്നത്.
സൗദി ലീഗിലെ പ്രമുഖ താരങ്ങളുടെ വിടവാങ്ങലിന് ശേഷം വലിയ മാറ്റങ്ങൾക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. ലാമിൻ യമാലിനെപ്പോലൊരു യുവതാരത്തെ ലീഗിന്റെ മുഖമായി മാറ്റുന്നതിലൂടെ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടാമെന്നും കൂടുതൽ ആരാധകരെ ആകർഷിക്കാമെന്നുമാണ് ജിദ്ദ ആസ്ഥാനമായുള്ള അൽ-ഇത്തിഹാദിന്റെ ലക്ഷ്യം.
എന്നാൽ ലാമിൻ യമാലിനെ വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന ഉറച്ച നിലപാടിലാണ് ബാഴ്‌സലോണ. താരത്തിന്റെ കരാറിലെ റിലീസ് ക്ലോസ് 100 ബില്യൺ യൂറോയാണ്. നിലവിൽ ചർച്ചകൾക്ക് പോലും ക്ലബ്ബ് തയ്യാറല്ല. ലാ ലിഗയിൽ കളിക്കുന്നതിൽ താരം സന്തുഷ്ടനാണെന്നും യൂറോപ്യൻ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, യമാലിന്റെ ഏജന്റായ ജോർജ് മെൻഡിസ് വഴിയാണ് ഈ ഓഫർ ബാഴ്‌സലോണയ്ക്ക് മുന്നിലെത്തിയത്. താരത്തിന്റെ കരാർ പുതുക്കുന്നതിനും മെച്ചപ്പെട്ട സാമ്പത്തിക വ്യവസ്ഥകൾ നേടിയെടുക്കുന്നതിനുമായി മെൻഡിസ് സൗദി ക്ലബ്ബുകളുടെ താൽപ്പര്യം ഒരു തന്ത്രമായി ഉപയോഗിക്കാറുണ്ട്. ഇത് അത്തരമൊരു നീക്കമാണോ എന്നും ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു.



