ദുബായ്- കേരളത്തനിമയും പാരമ്പര്യവും പ്രവാസ മണ്ണിൽ ആഘോഷമാക്കി അക്കാഫ് അസോസിയേഷന്റെ 28-ാമത് ഓണാഘോഷം അക്കാഫ് പൊന്നോണക്കാഴ്ച ’26 ഈ മാസം 11ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ അരങ്ങേറും. വർഷാവർഷം കൊണ്ടാടുന്ന പൊന്നോണക്കാഴ്ച’യുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള പ്രാഥമിക മത്സരങ്ങൾ ഒക്ടോബർ നാലിന് ദുബൈ ഖിസൈസിലെ അമിറ്റി സ്കൂളിൽ നടന്നു.
ഒക്ടോബർ 11ന് രാവിലെ എട്ടുമണിക്ക് പൊന്നോണക്കാഴ്ച ’26ന്റെ മെഗാ ഇവന്റിന് തിരശ്ശീല ഉയരും. അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം തുടർച്ചയായി അഞ്ചാം വർഷമാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്നത്.
വിവിധ കോളജ് അലുമ്നി കൂട്ടായ്മകളുടെ നേതൃത്വത്തിൽ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ്, കിഡ്സ് ഫാഷൻ ഷോ, നാടൻപാട്ട്, പായസം മത്സരം, പുരുഷകേസരി, മലയാളി മങ്ക, കോളജുകളുടെ സാംസ്കാരിക ഘോഷയാത്ര, വിവിധ നാടൻ കളികൾ തുടങ്ങി നിരവധി മത്സരങ്ങളും പരിപാടികളും അരങ്ങേറും. കുട്ടികൾക്കായി പെയിന്റിംഗ്, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
തുടർന്ന് ഉച്ചക്ക് 12 മണിയോടെ വിപുലമായ ഓണസദ്യ ആരംഭിക്കും. ഏകദേശം 10,000 പേർ ഇത്തവണത്തെ ഓണസദ്യയിൽ പങ്കെടുക്കും. വൈകുന്നേരം വിവിധ കോളജ് അലുംനി കൾ പങ്കെടുക്കുന്ന ഘോഷയാത്ര മത്സരവും തുടർന്ന് സാംസ്കാരിക സമ്മേളനവും നടത്തും. മസാല കോഫി ബാൻഡിന്റെ സംഗീതനിശയും അരങ്ങേറും.
കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 135ഓളം കോളജ് അലുമ്നി കൂട്ടായ്മകളാണ് അക്കാഫ് അസോസിയേഷന്റെ മെമ്പർ കോളജുകൾ.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, പെട്രോടെക് മാനേജിങ് ഡയറക്ടർ തോമസ് സി.ഫിലിപ്പ്, ദുബൈ ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്റും അക്കാഫ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ മുഹമ്മദ് റഫീഖ്, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, പൊന്നോണക്കാഴ്ച ജനറൽ കൺവീനർ സാനു മാത്യു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഗിരീഷ്മേനോൻ, ആർ. സുനിൽ കുമാർ, വിൻസെന്റ് വലിയവീട്ടിൽ, സി.എൽ. മുനീർ, മീഡിയ എ.വി. ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







