കൊച്ചി- എഞ്ചിൻ തകരാറിനെ തുടർന്ന് കൊച്ചിയിൽ നിന്ന് അബൂദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്സ് 415 വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.
വിമാനം പുറപ്പെട്ട് ഏകദേശം 50 മിനിറ്റുകൾ പിന്നിട്ടപ്പോൾ, 36,000 അടി ഉയരത്തിൽ വെച്ച് ഒന്നാമത്തെ എഞ്ചിനിലെ ഓയിൽ അളവ് അതിവേഗം കുറയുന്നത് പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
ഓയിൽ മർദ്ദം അപകടകരമായ റെഡ് സോണിലേക്ക് എത്തിയതോടെ പൈലറ്റുമാർ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എഞ്ചിൻ പൂർണ്ണമായും ഓഫാക്കി. തുടർന്ന് ഒരു എഞ്ചിൻ മാത്രം ഉപയോഗിച്ച് വിമാനം സുരക്ഷിതമായി കൊച്ചിയിൽ തിരികെ ഇറക്കുകയായിരുന്നു
വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷമാണ് പല യാത്രക്കാരും ആകാശത്ത് സംഭവിച്ച ഗുരുതര സാഹചര്യം അറിഞ്ഞത്. യാത്രക്കാർക്ക് അബൂദാബിയിലേക്ക് പോകാൻ ബദൽ മാർഗം ഒരുക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







