ന്യൂയോർക്ക്- മികച്ച വിജയത്തോടെ തങ്ങളുടെ 2026 ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന പോർച്ചുഗലിന് നിരാശ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരെയുള്ള ആദ്യ മത്സരം 1-1 എന്ന സ്കോറിൽ സമനിലയിൽ കലാശിച്ചു. റോബർട്ടോ മാർട്ടിനെസിൻ്റെ ടീം മികച്ചൊരു ജയത്തോടെ ഗ്രൂപ്പിൽ തങ്ങളുടെ കരുത്ത് തെളിയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, ജോവോ നെവസ് നേടിയ ആദ്യ ഗോളിന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ യോവാൻ വിസ്സയിലൂടെ കോംഗോ മറുപടി നൽകുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇതോടെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ടെക്സാസിലെ ഹൂസ്റ്റണിലുള്ള എൻആർജി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൻ്റെ ആറാം മിനിറ്റിൽ തന്നെ മിഡ്ഫീൽഡറായ ജോവോ നെവസ് ഒരു ഹെഡ്ഡറിലൂടെ 2016-ലെ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലിന് സ്വപ്നതുല്യമായ തുടക്കം നൽകി.
നാല് വർഷം മുമ്പ് ഖത്തറിൽ നടന്ന ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റ് പുറത്തായ പോർച്ചുഗൽ, ആദ്യ പകുതിയിൽ പന്തിൻ്റെ മേൽ പൂർണ്ണ നിയന്ത്രണം നിലനിർത്തി. ആദ്യ 45 മിനിറ്റിൽ 80 ശതമാനം പൊസഷനും കൈവശം വെച്ച് അവർ കളം നിറഞ്ഞെങ്കിലും കളിക്ക് കാര്യമായ വേഗതയുണ്ടായിരുന്നില്ല.
എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കളി മാറിമറിഞ്ഞു. ഒരു വൈഡ് ഫ്രീ കിക്കിൽ നിന്നും മാർക്ക് ചെയ്യപ്പെടാതെ പോയ വിസ്സ, പോർച്ചുഗീസ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ കാഴ്ചക്കാരനാക്കി ഒരു പവർഫുൾ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. ഇതോടെ സെബാസ്റ്റ്യൻ ഡെസാബ്രെയുടെ പരിശീലനത്തിലിറങ്ങിയ കോംഗോ ആദ്യ പകുതിയിൽ സ്കോർ സമനിലയാക്കി (1-1).
രണ്ടാം പകുതിയിലെ പോരാട്ടം
രണ്ടാം പകുതിയിൽ കളിയുടെ വേഗത കൂട്ടാൻ കോച്ച് മാർട്ടിനെസ് കളിക്കാരോട് ആവശ്യപ്പെട്ടു. വലതു വിങ്ങിൽ വേഗതയേറിയ ഫ്രാൻസിസ്കോ കോൺസീസാവോയെ അദ്ദേഹം കളത്തിലിറക്കി. കോൺസീസാവോയുടെ വരവ് കളിക്ക് ജീവൻ നൽകി. തൻ്റെ മുതിർന്ന സ്ട്രൈക്കറായ റൊണാൾഡോയ്ക്കായി അദ്ദേഹം ബോക്സിലേക്ക് രണ്ട് മികച്ച കട്ട്-ബാക്കുകൾ നൽകിയെങ്കിലും, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് കളിക്കാരനായി മാറിയ 41-കാരനായ റൊണാൾഡോയ്ക്ക് അവ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.
മുൻ മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ജോവോ കാൻസെലോ, ബ്രൂണോ ഫെർണാണ്ടസിൻ്റെ മികച്ചൊരു പാസിൽ നിന്നും ജോവോ നെവസ് ചെസ്റ്റ് ചെയ്ത് നൽകിയ പന്ത് വലയിലാക്കിയെങ്കിലും ലൈൻ റഫറി ഓഫ്‌സൈഡ് ഫ്ലാഗ് ഉയർത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു.
കഴിഞ്ഞ ലോകകപ്പിൽ സൂപ്പർ സബ്ബായി വന്ന് മൂന്ന് ഗോളുകൾ നേടിയ ഗോൺസാലോ റാമോസിനെ കളി അവസാനിക്കാൻ ഏഴ് മിനിറ്റ് ബാക്കിയുള്ളപ്പോൾ മാർട്ടിനെസ് മൈതാനത്തിറക്കി. കളി 4-2-4 എന്ന ശൈലിയിലേക്ക് മാറ്റി പോർച്ചുഗൽ സർവ്വശക്തിയുമെടുത്ത് ആക്രമിച്ചെങ്കിലും കോംഗോയുടെ പ്രതിരോധം തകർക്കാൻ അവർക്കായില്ല. ഒടുവിൽ ഇരുടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടു.
ഇനി ഹൂസ്റ്റണിൽ വെച്ചുതന്നെ നടക്കുന്ന അടുത്ത മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ നേരിടും. അതിനുശേഷമുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയാണ് അവരുടെ എതിരാളികൾ.



