ന്യൂദൽഹി: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി അടുത്തയാഴ്ച വാദം കേൾക്കും. റെഗുലർ വിദ്യാർഥികൾക്കായി സി.ബി.എസ്.ഇ കൊണ്ടുവന്ന പുതിയ മൂല്യനിർണയ രീതി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് സുപ്രീംകോടതി നടപടി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വിഷയത്തിൽ അടുത്തയാഴ്ചയ്ക്കകം മറുപടി ഫയൽ ചെയ്യുമെന്ന് സിബിഎസ്ഇയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പരീക്ഷാ റദ്ദാക്കലിനെ തുടർന്നുണ്ടായ തർക്കങ്ങളിൽ മറുപടി നൽകാൻ കഴിഞ്ഞ ജൂലൈ എട്ടിന് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോടും സിബിഎസ്ഇയോടും ആവശ്യപ്പെട്ടിരുന്നു.
ഗൾഫ് മേഖലയിലെ മുപ്പതോളം റഗുലർ വിദ്യാർഥികളാണ് മൂല്യനിർണയ വ്യവസ്ഥകൾക്കെതിരെ ആദ്യം കോടതിയെ സമീപിച്ചത്. ഇതിനുപുറമെ, പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ജൂൺ 21-ന് പുറപ്പെടുവിച്ച പുതിയ മൂല്യനിർണയ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മറ്റൊരു വിദ്യാർഥിയും ഹർജി നൽകിയിട്ടുണ്ട്. നിലവിലെ മാർക്ക് നിശ്ചയിക്കുന്ന രീതിയിൽ വിദ്യാർഥികൾക്ക് കടുത്ത അതൃപ്തിയുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. മാർച്ച് 27-ലെ മൂല്യനിർണയ നയം റദ്ദാക്കണമെന്നും അല്ലെങ്കിൽ ഇതിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിലെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്തായിരുന്നു ചില രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. എന്നാൽ പരീക്ഷയെഴുതാൻ സാധിക്കാതെ പോയ വിദ്യാർഥികൾക്ക് തുല്യനീതി ഉറപ്പാക്കാൻ നിലവിലെ രീതി പര്യാപ്തമല്ലെന്നാണ് ഉയരുന്ന പരാതി. വരാനിരിക്കുന്ന സുപ്രീംകോടതി വിധി ഗൾഫിലെ സിബിഎസ്ഇ വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.



