ദുബായ് – ഒരു കോടി ദിര്‍ഹം കവര്‍ന്ന ആഫ്രിക്കക്കാരായ മൂന്നംഗ സംഘത്തെ മിനിറ്റുകള്‍ക്കുള്ളില്‍ വലയിലാക്കി ദുബായ് പോലീസ് തങ്ങളുടെ തിളങ്ങുന്ന അന്വേഷണ ചരിത്രത്തിലേക്ക് മറ്റൊരു അധ്യായം കൂടി കൂട്ടിച്ചേര്‍ത്തു. ദേരയിലെ കറന്‍സി എക്സ്ചേഞ്ച് ഓഫീസില്‍ നിന്നാണ് സംഘം ഒരു കോടി ദിര്‍ഹം കവര്‍ന്നത്. പത്തു മിനിറ്റിനുള്ളില്‍ ദുബായ് പോലീസ് ഒരു കോടി ദിര്‍ഹം വീണ്ടെടുക്കുകയും ആഫ്രിക്കക്കാരായ മൂന്നംഗ സംഘത്തെ പിടികൂടുകയും ചെയ്തു. ദുബായ് പോലീസ് സേനയുടെ സ്മാര്‍ട്ട് എസ്.ഒ.എസ് എമര്‍ജന്‍സി സേവനത്തിന്റെയും ദ്രുത പ്രതികരണ ശേഷിയുടെയും ഫലപ്രാപ്തിക്ക് ഇത് അടിവരയിടുന്നു.
മുഖംമൂടി ധരിച്ച പ്രതികള്‍ ദേരയിലെ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ പ്രവര്‍ത്തിക്കുന്ന മണി എക്സ്ചേഞ്ച് ഓഫീസില്‍ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ചും കെട്ടിയിട്ടും നിരീക്ഷണ ക്യാമറകള്‍ തകര്‍ത്തും ഏതാനും ബാഗുകളിലായി ഒരു കോടി ദിര്‍ഹം പണവുമായി കടന്നുകളയുകയായിരുന്നു. മണി എക്‌സ്‌ചേഞ്ച് ജീവനക്കാരില്‍ ഒരാള്‍ സ്വയം മോചിതനായി തന്റെ മൊബൈല്‍ ഫോണ്‍ വഴി ദുബായ് പോലീസിന്റെ എസ്.ഒ.എസ് എമര്‍ജന്‍സി സേവനം ആക്ടിവേറ്റ് ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. മുന്നറിയിപ്പ് തല്‍ക്ഷണം ഓപ്പറേഷന്‍സ് റൂമിലേക്ക് കൈമാറി. ഇത് പോലീസിന്റെ തല്‍ക്ഷണ പ്രതികരണത്തിന് കാരണമായി.
ദേരയിലേക്കുള്ള എല്ലാ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളും പോലീസ് വേഗത്തില്‍ അടച്ചു. അയല്‍ പ്രദേശങ്ങളില്‍ നിന്നുള്ള പോലീസ് പട്രോളിംഗ് യൂണിറ്റുകള്‍ ദേരയില്‍ പുനര്‍വിന്യസിച്ചു. സംഘം ദേര ഡിസ്ട്രിക്ടില്‍ നിന്ന് രക്ഷപ്പെടുന്നത് തടയാന്‍ പോലീസ് സേനയിലുടനീളം പ്രതികളെ കുറിച്ച വിവരണങ്ങള്‍ പ്രചരിപ്പിച്ചു. പത്തു മിനിറ്റിനുള്ളില്‍ ഒരു ട്രാഫിക് സര്‍ജന്റ് സംശയാസ്പദമായ വാഹനം തടഞ്ഞു നിര്‍ത്തി പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണത്തില്‍ ഒരു ഭാഗം അടങ്ങിയ ബാഗുകളും ഉദ്യോഗസ്ഥര്‍ പ്രതിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തു.
തുടര്‍ന്ന് ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ ദുബായ് പോലീസ് ഹെലികോപ്റ്റര്‍ വിന്യസിച്ചു. പണത്തിന്റെ ബാഗുകള്‍ ഉപേക്ഷിച്ച് കാര്‍ഗോ കണ്ടെയ്നറുകള്‍ക്കിടയില്‍ ഒളിക്കാന്‍ ശ്രമിച്ച രണ്ടു പ്രതികളെ വ്യാവസായിക യാര്‍ഡില്‍ വൈകാതെ ഹെലികോപ്റ്റര്‍ ജീവനക്കാര്‍ കണ്ടെത്തി. ഹെലികോപ്റ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രൗണ്ട് ടീമുകള്‍ ഉടന്‍ തന്നെ ഇവിടെ കുതിച്ചെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മണി എക്‌സ്‌ചേഞ്ചില്‍ നിന്ന് കവര്‍ന്ന മുഴുവന്‍ പണവും പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
എസ്.ഒ.എസ് എമര്‍ജന്‍സി സേവനത്തിന്റെ പ്രാധാന്യം ഈ കേസ് എടുത്തുകാണിക്കുന്നതായി ദുബായ് പോലീസ് പറഞ്ഞു. ഇത് ബിസിനസുകള്‍ക്കും താമസക്കാര്‍ക്കും പോലീസ് ഓപ്പറേഷന്‍സ് റൂമുമായി നേരിട്ട് ബന്ധം നല്‍കുന്നു. ഗുരുതരമായ സംഭവങ്ങളില്‍ ഉടനടി പ്രതികരിക്കാന്‍ അധികാരികളെ ഈ സേവനം പ്രാപ്തമാക്കുന്നു. സ്മാര്‍ട്ട് എമര്‍ജന്‍സി സംവിധാനങ്ങള്‍, ഏകോപിത പോലീസിംഗ്, വ്യോമ നിരീക്ഷണം എന്നിവ പ്രധാന കുറ്റകൃത്യങ്ങളുടെ ദ്രുത പരിഹാരത്തിനും മോഷ്ടിച്ച സ്വത്തുക്കള്‍ പൂര്‍ണ്ണമായി വീണ്ടെടുക്കാനും എങ്ങിനെ സഹായിക്കുമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ഈ ഓപ്പറേഷന്‍ മാറി.



