ജിദ്ദ – ലോകത്തെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകള്‍ സൗദിയിലാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലി റജബ് പറഞ്ഞു. റിയാദ്-ദുബായ്, ജിദ്ദ-കയ്‌റോ റൂട്ടുകളാണിവ. ജിദ്ദയില്‍ നിന്ന് കയ്‌റോയിലേക്ക് പ്രതിദിനം 50 സര്‍വീസുകളും റിയാദില്‍ നിന്ന് ദുബായിലേക്ക് ദിവസേന 40 സര്‍വീസുകളും നടത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം സൗദിയില്‍ വിമാന യാത്രക്കാരുടെ എണ്ണം 27 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
സൗദിയില്‍ നിന്ന് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം ശ്രദ്ധേയമായ നിലക്ക് വര്‍ധിച്ചുവരികയാണ്. നിലവില്‍ ലോകത്തെ 162 നഗരങ്ങളിലേക്കാണ് സൗദിയില്‍ നിന്നും തിരിച്ചും സര്‍വീസുകളുള്ളത്. 2030 ഓടെ സൗദിയില്‍ നിന്ന് സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. 2019 നെ അപേക്ഷിച്ച് ഇപ്പോള്‍ സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 62 ശതമാനം തോതില്‍ വര്‍ധിച്ചിട്ടുണ്ട്.
വ്യോമയാന മേഖലയില്‍ പതിനായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്താന്‍ സൗദി അറേബ്യ ലക്ഷ്യമിടുന്നു. വിമാനത്താവളങ്ങളില്‍ 5,000 കോടി ഡോളറിന്റെയും വിമാനങ്ങളില്‍ 4,000 കോടി ഡോളറിന്റെയും സപ്പോര്‍ട്ട് സര്‍വീസ്, പ്രൈവറ്റ് ഏവിയേഷന്‍ മേഖലയില്‍ 1,000 കോടി ഡോളറിന്റെയും നിക്ഷേപങ്ങള്‍ നടത്താനാണ് പദ്ധതിയെന്നും അലി റജബ് പറഞ്ഞു.