ഖുലൈസ്- ഖുലൈസ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താർ സംഗമം സൗഹൃദത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും വേറിട്ട കാഴ്ചയായി. ഖുലൈസിലെ സൂഖ് മഗാരിബയിലെ പൊതുസ്ഥലത്ത് ഒരുക്കിയ വിരുന്നിൽ സൗദി പൗരന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളുമടക്കം എണ്ണൂറോളം പേർ പങ്കെടുത്തു.
പ്രാദേശിക സൗദി പൗരനായ സക്കരിയ്യയും കുടുംബവും ഇഫ്താർ വിരുന്നിന്റെ മേൽനോട്ടത്തിന് മുന്നിൽനിന്നത് പരിപാടിയുടെ സവിശേഷതയായിരുന്നു. ഖുലൈസ് കെ.എം.സി.സി. വളണ്ടിയർമാരുടെ ചിട്ടയായ പ്രവർത്തനവും സേവനവും അതിഥികൾക്ക് ഹൃദ്യമായ അനുഭവമായി. മഗ്രിബ് നമസ്കാരത്തിന് ശേഷം സൗദി പൗരന്മാരും കെ.എം.സി.സി. പ്രവർത്തകരും ഒത്തുചേർന്ന് നടത്തിയ സൗഹൃദ സംഗമം ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കി. ഇത്തരം കൂട്ടായ്മകൾ വരും വർഷങ്ങളിലും തുടരണമെന്ന് ചടങ്ങിൽ പങ്കെടുത്ത സ്വദേശി പൗരന്മാർ പ്രത്യാശ പ്രകടിപ്പിച്ചു.
ജിദ്ദ കെ.എം.സി.സി. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു. റഷീദ് എറണാകുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരിഫ് പഴയകത്ത് സ്വാഗതമാശംസിച്ചു. ജിദ്ദ കെ.എം.സി.സി.യിലെ പ്രമുഖ നേതാക്കളും ചടങ്ങിൽ അതിഥികളായി സംബന്ധിച്ചു.



